
ഹരിപ്പാട്: പട്ടാപ്പകൽ ആൾതാമസമുള്ള വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസിയായ പ്രതി പിടിയിൽ. കരുവാറ്റ തെക്ക് കിഴക്കേടത്ത് വീട്ടിൽ ഗോപകുമാർ( 52) ആണ് പിടിയിലായത്. തിങ്കളാഴ്ച പകൽ കരുവാറ്റ വടക്കേ പറമ്പിൽ അനിത സാമിന്റെ വീട്ടിൽ കയറി മേശപ്പുറത്ത് ഊരി വച്ചിരിക്കുകയായിരുന്ന സ്വർണാഭരണത്തിൽ നിന്ന് നാലു പവന്റെ സ്വർണ്ണമാല, രണ്ടര ഗ്രാം തൂക്കം വരുന്ന മിന്നും കുരിശും അതോടൊപ്പം ഉണ്ടായിരുന്ന മുക്ക് പണ്ടമായ വളയും ആണ് മോഷ്ടിച്ചത്.
ഹരിപ്പാട് പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുള്ളവരെയും അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുകയും വീടിനു സമീപം ഉള്ളവരെയും പൊലീസ് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോൺ ഉപയോഗിക്കാതെ മദ്യപിച്ച് കറങ്ങി നടക്കുന്ന ഗോപകുമാറിനെ പറ്റി കൂടുതൽ അന്വേഷണം നടത്തുകയും തുടർന്ന് ഇയാൾ ഒരു വാഹനത്തിൽ ഹരിപ്പാട് ഭാഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫൈനാൻസ് സ്ഥാപനത്തിൽ എത്തിയതായി വിവരം ലഭിച്ചു.
മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്വഭാവക്കാരൻ ആയതിനാൽ ബിവറേജിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിന് വേണ്ടി അനിതയുടെ വീട്ടിൽ കയറുന്നതിനായി സമീപത്തെ പാടത്ത് രാവിലെ മുതൽ ഒളിച്ചിരിക്കുകയും വീട്ടിലെ കുട്ടികൾ കളിക്കാൻ പോയ സമയത്തും വീട്ടുജോലിക്കാരി മീൻ വെട്ടുന്നതിന് വേണ്ടി പുറത്തിറങ്ങിയ സമയം നോക്കിയാണ് പ്രതി വീടിനുള്ളിൽ കടക്കുകയും വീട്ടു ഉടമസ്ഥ ഉറക്കവും ആയിരുന്നത് മോഷണം എളുപ്പമാക്കി.
സ്വർണാഭരണങ്ങൾ വിറ്റ യിനത്തിൽ പ്രതിയിൽ നിന്നും 19,000 രൂപ യും മിന്നും കുരിശും വളയുംകണ്ടെത്തി.പൊതുവേ ശല്യക്കാരനായ പ്രതിക്കെതിരെ ആരെങ്കിലും പരാതി കൊടുത്താൽ അവരുടെ വീട്ടിൽ രാത്രിയിൽ എത്തി മലമൂത്ര വിസർജനം ചെയ്യുന്ന രീതിയാണുള്ളത്. ഹരിപ്പാട് എസ് എച്ച്ഒ അഭിലാഷ് കുമാർ കെ, എസ് ഐ മാരായ ശ്രീകുമാർ, ഷൈജ, ഉദയകുമാർ, സി പി ഓമാരായ ശ്യാം, നിഷാദ് എ,പ്രദീപ് ഉണ്ണികൃഷ്ണൻ അതുല്യ എന്നിവരടങ്ങുന്ന അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Last Updated May 3, 2024, 12:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]