
മൂന്നാർ: ഇടുക്കി വെള്ളത്തൂവലില്‍ സെപ്റ്റിടാങ്ക് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴിക്കുവിട്ട രണ്ട് റിസോർട്ടുകൾക്കെതിരെ കേസെുത്ത് പൊലീസ്. റിസോർട്ടുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തതോടെയാണ് നടപടി. മതിയായ മാലിന്യസംസ്കരണ സംവിധാനമില്ലാതെ കുടിവെള്ള സ്രോതസിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുവെന്ന് വ്യക്തമായതോടെ വെള്ളത്തൂവല്‍ പഞ്ചായത്ത് നല്കിയ പരാതിയിലാണ് കേസ്.
മുതിരപുഴയാറിന്റെ തീരത്തെ ജലനിധിയുടെ അഞ്ച് കുടിവെള്ള പദ്ധതികളുണ്ട്. കുഞ്ചിത്തണ്ണി മേരിലാന്റ് ഈട്ടിസിറ്റി വെള്ളത്തൂവല്‍ തുടങ്ങിയിടങ്ങളില്‍ ആയിരത്തിലധികം കുടുംബങ്ങളുടെ ശുദ്ധജലാശ്രയമാണ് ഇവ. ഇതെല്ലാം സെഫ്ടിക് ടാങ്ക് മാലിന്യം കൊണ്ട് മലിനപ്പെടുന്നുവന്ന് കാണിച്ച് നൂറിലധികം പേരാണ് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയത്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് റിസോര്‍ട്ടുകള്‍ ജലസ്രോതസ്സുകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതായി കണ്ടെത്തി.
സബ് കളക്ടറുടെ നിർദ്ദേശപ്രകാരം റിസോർട്ടുകൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് നൽകിയെങ്കിലും ഹൈക്കോടതി ഇത് താല്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതോടെയാണ് മാലിന്യസംസ്കരണ സംവിധാനമില്ലാതെ പൊതുസ്ഥലത്തേക്ക് മാലിന്യം തള്ളി വിടുന്നുവെന്നുകാട്ടി രണ്ട് റിസോര്‍ട്ടുകള്‍ക്കുമെതിരെ പഞ്ചായത്ത് പൊലിസില്‍ പരാതി നല്‍കിയത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇനിയും മലിന ജലം കുടിവെള്ള സ്രോതസിലെത്തിയാൽ ശക്തമായ സമരം നടത്തുമെന്ന് പ്രദേശ വാസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക താല്പര്യത്തോടെ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന പരാതിയും ഇവർക്കുണ്ട്.
Last Updated May 2, 2024, 2:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]