
തൃശൂര്‍: വാടകവീടുകൾ മാറിമാറി എക്സൈസിനെ കബളിപ്പിച്ചിരുന്ന മുൻ കേസിലെ പ്രതിയെ 6 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. പൊങ്ങണംകാടു സ്വദേശി തിയ്യത്തുപറമ്പിൽ അനീഷിനെ ആണ് പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തൃശൂര്‍ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇലക്ഷൻ കഴിഞ്ഞതിനു ശേഷം കേരളത്തിലെക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ സാധ്യത ഉണ്ടെന്നായിരുന്നു തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാനവാസിന് ലഭിച്ച വിവരം.
തുടര്‍ന്ന് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ സംഘാംഗങ്ങൾ പഴയ കേസുകളിലെ പ്രതികളെ നിരീക്ഷിച്ചു. മുൻ കേസിലെ പ്രതിയായ അനീഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ചതിൽ പ്രതി ആന്ധ്രയിൽ നിന്നും സംസ്ഥാന ഇലക്ഷൻ കഴിഞ്ഞാൽ കഞ്ചാവ് കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കഞ്ചാവ് വിതരണത്തിനായി പോകുന്ന സമയം, പ്രതിയെ ബൈക്കിൽ തൊണ്ടിയോടെ മണ്ണുത്തി പട്ടാളകുന്ന് വച്ച് സാഹസികമായി പിടികൂടുകയായിരുന്നു.
നേരത്തെ തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിൽ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയ കേസിലെ പ്രതിയാണ് അനീഷ്. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഞ്ചാവ് കടത്തിൽ വീണ്ടും സജീവമായ അനീഷ് വാടകയ്ക്ക് വീടെടുത്ത് മാറിമാറി മൂന്നു മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് താമസിക്കാതെ വളരെ തന്ത്രപരമായിട്ടാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സുദർശന കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സോണി കെ ദേവസി, ടിജി മോഹനൻ, പ്രിവെന്റീവ് ഓഫീസർമാരായ എം എം മനോജ് കുമാർ, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർകുമാർ, പി ബി സിജോ മോൻ, വിശാൽ, കണ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം അന്തർ സംസ്ഥാന ബസിൽ കടത്തുകയായിരുന്ന 12കിലോ കഞ്ചാവ് മണ്ണുത്തിയിൽ വച്ചു എക്സൈസ് പിടികൂടിയിരുന്നു.
Last Updated May 1, 2024, 9:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]