
ഒരുകാലത്ത് മലയാള സിനിമയ്ക്ക് കളക്ഷനിൽ വേണ്ടത്ര പ്രകടനം കാഴ്ചയ്ക്കാൻ സാധിച്ചിരുന്നില്ല. കോടി ക്ലബ്ബുകൾ എല്ലാം തന്നെ അന്യം ആയിരുന്നു. പിന്നീട് മോഹൻലാൽ ചിത്രത്തിലൂടെ അതിന് മാറ്റം വന്നെങ്കിലും തുടരെയുള്ള വിജയം രുചിക്കാൻ മോളിവുഡിന് സാധിച്ചിരുന്നില്ല. എന്നാൽ ഇന്നാക്കഥ മാറി. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരി കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി ക്ലബ്ബ് ചിത്രം വരെ മലയാളത്തിന് സ്വന്തമായത്. അക്കൂട്ടത്തിലേക്ക് എത്തിയ സിനിമ ആയിരുന്നു ആവേശം.
ജീത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. രംഗൻ എന്ന കഥാപാത്രമായി ഫഹദ് ‘അഴിഞ്ഞാടി’യപ്പോൾ പ്രേക്ഷകരിൽ ആവേശത്തിരയിളക്കം. അത് അന്വർത്ഥമാക്കുന്നതാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ. റിലീസ് ദിനം മുതൽ മികച്ച കളക്ഷൻ നേടിയ ആവേശം ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തെ പിന്നിലാക്കി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷൻ 128 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ആവേശം നേടിയത് 130കോടിയും. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ മലയാള സിനിമകളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആവേശം. 135 കോടി നേടി പ്രേമലുവാണ് അഞ്ചാം സ്ഥാനത്ത്. വൈകാതെ പ്രേമലുവിനെയും ആവേശം മറികടക്കുമെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, ആടുജീവിതം, പ്രേമലു, ആവേശം, ലൂസിഫർ എന്നിവയാണ് നിലവിൽ പണംവാരിയ മോളിവുഡ് സിനിമകൾ.
Last Updated May 1, 2024, 3:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]