
ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപര്‍വ്വതം, ഏപ്രില്‍ 30 ന് രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന്റെ ശക്തിയില്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ഉയരത്തിലേക്ക് അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ വിമാനത്താവളം അടച്ചിട്ടു. സ്ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന ചാരവും പുകയും ഇന്തോനേഷ്യയിലെ ഗ്രാമങ്ങളെ മൂടി. പല ഗ്രാമങ്ങളില്‍ നിന്നും മനുഷ്യര്‍ കൂട്ടമായി പലായനം ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് ഇന്തോനേഷ്യൻ ജിയോളജിക്കൽ സർവീസ് സുലവേസി ദ്വീപിലെ അഗ്നിപർവ്വത സഫോടനത്തിന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
അഗ്നിപര്‍വ്വതത്തിന് ആറ് കിലോമീറ്റര്‍ അകലെയുള്ള ദ്വീപുകളിലെ താമസക്കാരോടും പർവതാരോഹകരോടും പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരം ആകാശം മൂടിയതിനാല്‍ വിമാന ഗതാഗതം നിര്‍ത്താലാക്കി. വിമാനത്താവളങ്ങള്‍ അടച്ചിട്ടു. സ്ഫോടനത്തിന് പിന്നാലെ ചാരവും കരിങ്കല്‍ ചീളുകളും ആകാശത്ത് നിന്നും ഭൂമിയിലേക്ക് പതിച്ചെന്ന് എപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സമീപ നഗരങ്ങളിലെ ഗതാഗതത്തെയും ജനജീവിതത്തെയും പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏതാണ്ട് നാലര ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മനാഡോ നഗരത്തെ അഗ്നിപര്‍വ്വത സ്ഫോടനം ഏറ്റവും കുടുതല്‍ ബാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തില്‍ പകലും ഹെഡ്ലൈറ്റുകള് ഉപയോഗിച്ചാണ് വാഹനങ്ങള്‍ ഓടിയത്. ഇതുവരെയായും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ‘ഇന്തോനേഷ്യയിലെ റുവാങ്ങിന്റെ കൂടുതൽ അവിശ്വസനീയമായ വീഡിയോ. അതിശയകരം ഭയാനകം!’ എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. ഇതിനകം രണ്ട് ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ കണ്ടത്. ‘ഭയപ്പെടുത്തുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു.’ ഒരു കാഴ്ചക്കാരനെഴുതി.
ഇന്തോനേഷ്യയിലെ സജീവമായ 130 അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് റുവാങ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം, ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ചുഴലിക്കാറ്റുകളും വര്‍ഷത്തില്‍ നിരവധി തവണ സംഭവിക്കുന്നു. പസഫിക് സമുദ്രത്തില്‍ “റിംഗ് ഓഫ് ഫയർ” (Ring of Fire) എന്ന സ്ഥലത്താണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഈ റിംഗ് ഓഫ് ഫയര്‍ റൂട്ടില്‍ നിരവധി അഗ്നിപര്‍വ്വതങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം ഇവിടെ സജീവ ഭൂകമ്പപ്രദേശവുമാണ്.
Last Updated May 1, 2024, 12:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]