
2024-ലെ ആദ്യ നാലുമാസങ്ങൾ പിന്നിടുമ്പോൾ മലയാള സിനിമകളുടെ തിയേറ്റർ കളക്ഷൻ മാത്രം 900 കോടിയിലേക്ക് അടുത്തു. ഇതിൽ 100 കോടിക്ക് മുകളിൽ നേടിയ ചിത്രങ്ങൾ നാലെണ്ണം. മഞ്ഞുമ്മൽ ബോയ്സ് (236 കോടി), ആടുജീവിതം (150), പ്രേമലു (136), ആവേശം (113). വർഷങ്ങൾക്കുശേഷം (70), ഭ്രമയുഗം (60), എബ്രഹാം ഓസ്ലർ (40), അന്വേഷിപ്പിൻ കണ്ടെത്തും (20) എന്നിവയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളാണ്. 70 ചിത്രങ്ങൾ പുറത്തിറങ്ങിയതിൽ എട്ടെണ്ണം മികച്ച വിജയം നേടി.
മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറ പ്രവർത്തകർ പറഞ്ഞതുപോലെ, മലയാളസിനിമയുടെ സീൻ മൊത്തത്തിൽ മാറി. നല്ല അഭിപ്രായം വരുന്ന സിനിമകൾ വലിയ ഹിറ്റുകളാകുന്നു.
നഷ്ടത്തിന്റെ 2023
2023-മായി താരതമ്യംചെയ്യുമ്പോഴാണ് ഈ വർഷത്തെ നേട്ടം ഒന്നുകൂടി വ്യക്തമാവുക. കഴിഞ്ഞ വർഷം 220 ചിത്രങ്ങൾ ഇറങ്ങിയിട്ട് വിജയിച്ചത് 16 എണ്ണം മാത്രം. വലിയ ഹിറ്റായത് അഞ്ച് എണ്ണം. 2023-ലെ മൊത്തം തിയേറ്റർ ബിസിനസ് ഈ വർഷത്തെ നാല് മാസത്തെ കളക്ഷനിലേക്ക് എത്തിയില്ല. ഒ.ടി.ടി. കച്ചവടം നടന്നതുകൊണ്ടുമാത്രം വലിയ നഷ്ടത്തിൽനിന്ന് രക്ഷപ്പെട്ട വർഷം.
കേരളത്തിനു പുറത്തും സ്വീകാര്യത
മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിനുശേഷം മലയാള സിനിമകൾക്ക് മറ്റ് സ്ഥലങ്ങളിൽ വലിയ സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമാത്രം മഞ്ഞുമ്മൽ ബോയ്സ് 75 കോടിയിലേറെ കളക്ഷൻ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]