
തിരുവനന്തപുരം: ശ്രീധന്യ ഐ എ എസിനെ മലയാളികൾക്കെല്ലാം ഓർമ്മകാണും. ആദിവാസി വിഭാഗത്തിൽ നിന്നും പഠിച്ച് മിഠുക്കിയായി ഐ എ എസ് നേടിയപ്പോൾ ശ്രീധന്യക്ക് വേണ്ടി മലയാളക്കര ഒന്നാകെ കയ്യടിച്ചതാണ്. ഇപ്പോഴിതാ തന്റെ വിവാഹക്കാര്യത്തിലും മികച്ചയൊരു മാതൃക കാട്ടി ശ്രീധന്യ ഏവരുടെയും കയ്യടി നേടുകയാണ്. അധികമാരും അറിയാതെ ഏറ്റവും ലളിതമായാണ് ശ്രീധന്യ വിവാഹിതയായത്. ശ്രീധന്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ്രുമായുള്ള വിവാഹം ഇന്നലെയായിരുന്നു. തന്റെ വിവാഹത്തിലും അവർക്ക് വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. സ്വന്തം വീട്ടിൽ വച്ചും ഇപ്പോൾ വിവാഹം നടത്താനാകും എന്ന കാര്യം പൊതുസമൂഹത്തെ കൂടുതലായി അറിയിക്കുക എന്ന ലക്ഷ്യമാണ് ശ്രീധന്യ ഇതിലൂടെ മുന്നോട്ടുവച്ചത്. 1000 രൂപ അധികം നൽകിയാൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി വിവാഹം നടത്തുമെന്നാണ് വ്യവസ്ഥയെന്നും അവർ വിവരിച്ചു. ശ്രീധന്യയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിലൂടെ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺ കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
കെ എസ് അരുൺ കുമാറിന്റെ കുറിപ്പ് ഇപ്രകാരം
വിവാഹം ആഡംബരം കാണിക്കാനുള്ളതല്ല
കിടപ്പാടം പണയപ്പെടുത്തിയും, ലക്ഷങ്ങളും, കോടികളും മുടക്കി, വിവാഹം നടത്തി മുടിയുന്ന മലയാളികൾ, ശ്രീധന്യ ഐ എ എസിനെ കണ്ട് പഠിക്കണം.
2019 ൽ വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നും ഐ എ എസ് നേടിയ ശ്രീധന്യ, കഴിഞ്ഞ ഡിസംബറിൽ രജിസ്ട്രേഷൻ ഐ ജി യായി ചുമതലയേറ്റിരുന്നു.
ഇന്നലെ ശ്രീധന്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങിൽ ഓച്ചിറ സ്വദേശിയായ ഗായകനും ശ്രീധന്യയും വിവാഹിതരായി.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീട്ടിൽ വച്ചും വിവാഹം നടത്താവുന്നതാണ്. ഈ വിവരം അറിയുന്നവർ കുറവാണ്. ഇതുൾപ്പെടെ രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് ശ്രീധന്യ പറഞ്ഞു. 1000 രൂപ അധികം നൽകിയാൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി വിവാഹം നടത്തുമെന്നാണു വ്യവസ്ഥ.
Last Updated May 1, 2024, 6:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]