
തന്റെ പുതിയ ചിത്രമായ രത്നം റിലീസ് ചെയ്യാൻ തടസങ്ങൾ നേരിടുന്നുവെന്ന് ആരോപിച്ച് നടനും നടികർസംഘം സെക്രട്ടറിയുമായ വിശാൽ. ട്രിച്ചിയിലും തഞ്ചാവൂരിലുമുള്ള ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികൾക്കെതിരെയുള്ള ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കേയാണ് രണ്ടിടങ്ങളിലെ വിതരണക്കാർക്കെതിരെ വിശാൽ രംഗത്തെത്തിയത്.
ട്രിച്ചിയിലേയും തഞ്ചാവൂരിലേയും വിതരണക്കാർ രത്നത്തിന്റെ റിലീസ് തടയാൻ ശ്രമിക്കുന്നെന്നാണ് ഓഡിയോ ക്ലിപ്പിൽ വിശാലിന്റെ ആരോപണം. ഇവർ കട്ട പഞ്ചായത്ത് നടത്തുകയാണെന്നും വിശാൽ പറഞ്ഞു. ട്രിച്ചി, തഞ്ചാവൂർ തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ചിദംബരം, പ്രസിഡന്റ് മീനാക്ഷി എന്നിവരെ ക്ലിപ്പിൽ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ഒരു അജ്ഞാതന്റെ കത്താണ് രത്നത്തിന്റെ ബുക്കിങ്ങിൽനിന്ന് പിന്തിരിയാൻ അസോസിയേഷനെ പ്രേരിപ്പിച്ചത്. താനയാൾക്ക് പണം കൊടുക്കാനുണ്ടെന്നാണ് കത്തിൽ പറയുന്നതെന്നും വിശാൽ ആരോപിച്ചു.
കത്തയച്ച വ്യക്തി മേൽപ്പറഞ്ഞ അസോസിയേഷനിൽപെട്ടയാളല്ലെന്നും അസോസിയേഷൻ നേതാക്കളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും വിശാൽ ചൂണ്ടിക്കാട്ടി. അങ്ങനെയൊരാൾക്ക് താൻ പണം നൽകാനില്ല. മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് തന്റെ ആരോപണങ്ങളേക്കുറിച്ചറിയാം. ഇത്രയും സിനിമകളിൽ അഭിനയിച്ച് പരിചയമുള്ള തനിക്കാണ് ഈ ഇൻഡസ്ട്രിയിൽ ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതെന്നും വിശാൽ കൂട്ടിച്ചേർത്തു.
ഈയിടെ ഒരു അഭിമുഖത്തിൽ തന്റെ മുൻചിത്രമായ മാർക്ക് ആന്റണി തിയേറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്ന് വിശാൽ പറഞ്ഞിരുന്നു. തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു വിശാലിന്റെ വിമർശനം. അന്ന് അടിയുണ്ടാക്കിയിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്നും അല്ലായിരുന്നെങ്കിൽ മാർക്ക് ആന്റണി ഇപ്പോഴും പെട്ടിയിലിരുന്നേനേ. രത്നം റിലീസിന്റെ സമയത്ത് എന്തെങ്കിലും തടസം സൃഷ്ടിച്ചാൽ തിരിച്ചടിക്കാൻ റെഡിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]