
പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ വളർത്ത് നായ രക്ഷപ്പെടുത്തി. തന്റെ ഉടമ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ട നായ പൊലീസിനെ സംഭവ സ്ഥലത്തെത്തിച്ചാണ് നായ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള ഫാൻ എന്ന കുടുംബപ്പേരുള്ള സ്ത്രീയാണ് ഏപ്രിൽ ഏഴിന് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഇവരെ നായയുടെ ഇടപെടലിലൂടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ യുവതി വീട്ടുകാരുമായ വഴക്കിട്ട് വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഈ സമയം അവളുടെ പ്രിയപ്പെട്ട വളർത്തുനായയും ഒപ്പം കൂടി. ഏറെ വിഷമാവസ്ഥയിൽ ആയിരുന്ന യുവതി, മരിക്കാൻ ശ്രമം നടത്തുന്നതിന് മുമ്പ് തന്നെ പൊലീസിനെ വിളിച്ച് താൻ ഒരു കെട്ടടത്തിൽ നിന്നും ചാടി മരിക്കാൻ പോകുകയാണന്ന് അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് പൊലിസ് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ യുവതിയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഫാനിന്റെ വളർത്തുനായ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
നായയാകട്ടെ പോലീസുകാരുടെ ശ്രദ്ധയാകര്ഷിക്കാനായി അവരുടെ അടുത്തെത്തി കുരയ്ക്കുകയായിരുന്നു. പൊലീസിനെ കണ്ടതും തുടർച്ചയായ കുരച്ചു കൊണ്ട് ഓടിയെത്തിയ നായ തങ്ങളോട് എന്തോ പറയാൻ ശ്രമിക്കുകയാണന്ന് മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥർ നായയെ പിന്തുടരാന് തീരുമാനിച്ചത്. തുടര്‍ന്ന് നായ പോലീസുകാര്‍ക്ക് ഫാന്‍ ചാടിയ നദീ തീരത്തേക്കുള്ള വഴി കാട്ടിയായി മുന്നില്‍ നടന്നു.
ഈ സമയം നദിയില്‍ മുങ്ങിത്താഴുകയായിരുന്ന ഫാന്‍ അവസാന ശ്രമമെന്ന തരത്തില്‍ കൈകാലിട്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ നദിയിലേക്ക് ചാടി, യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. സംഭവത്തെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ വലി ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍ത്ത അറിഞ്ഞവര്‍ നായയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. നായയുടെ പ്രവര്‍ത്തി ഹീറോയിസമാണെന്നും നായ റിയല്‍ ഹീറോയാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയ കുറിപ്പുകളെഴുതിയത്. 2022 നവംബറിൽ, കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഒരു ഗോൾഡൻ റിട്രീവർ, ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ 78 വയസ്സുള്ള ഉടമയെ രക്ഷിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Last Updated Apr 28, 2024, 12:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]