
മൃഗങ്ങളും മനുഷ്യരും ഈ ഭൂമിയില്‍ ഏതാണ്ട് ഒരേ കാലത്താണ് ജീവിതം തുടങ്ങുന്നത്. പരിണാമം മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍ പല ജീവികളും പരിണമിച്ച് ഇന്നത്തെ ജീവി വര്‍ഗ്ഗങ്ങളായി തീര്‍ന്നു. ഇതിനിടെ ബുദ്ധി വികസിച്ച മനുഷ്യന് മറ്റ് ജീവജാലങ്ങള്‍ തങ്ങളുടെ സുഖത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതി ഭൂമി അടക്കിവാഴാന്‍ തുടങ്ങി. ഇതിനിടെയിലും അപൂര്‍വ്വമായെങ്കിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഗാധമായ സ്നേഹ ബന്ധത്തിന്റെ നിരവധി കഥകള്‍ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഇത് രണ്ട് ആനകളുടെ അത്യപൂര്‍വ്വ സൌഹൃദത്തിന്റെ കഥയാണ്. തമിഴ്നാട്ടിലെ മുതുമലയിലെ തെപ്പക്കാടുള്ള ആനക്യാമ്പിലെ രണ്ട് ആനകളുടെ സൌഹൃദത്തിന്റെ കഥ.
സുപ്രിയ സാഹു ഐഎഫ്എസ് പങ്കുവച്ച വീഡിയോ ഭാമയെയും കാമാച്ചിയെയും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഇഷ്ടമൃഗങ്ങളാക്കി മാറ്റി. “മനുഷ്യരെപ്പോലെ ആനകളും സൗഹൃദത്തിൻ്റെ സ്നേഹബന്ധം പങ്കിടുന്നുവെന്ന് നമ്മിൽ പലർക്കും അറിയില്ല. തമിഴ്നാട്ടിലെ മുതുമലയിലെ തെപ്പക്കാടുള്ള ആനക്യാമ്പിൽ കഴിഞ്ഞ 55 വർഷമായി ഉറ്റസുഹൃത്തുക്കളായിരുന്ന ഭാമ (75), കാമാച്ചി (65) എന്നിവരുടെ സൗഹൃദത്തിൻ്റെ യഥാർത്ഥ കഥയാണിത്, ” ഇരുവരുടെയും വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയ കുറിച്ചു. ഇരുവരുടെയും ചില വീര കഥകളും അവര്‍ പങ്കുവച്ചു. ‘ഭാമയുടെ പാപ്പാനായ തിരു ഗോപൻ അവളെ കാട്ടിൽ മേയാൻ കൊണ്ടു പോയപ്പോൾ ഒരു പുള്ളിപ്പുലി ആക്രമിച്ചു. ഭാമ ഒറ്റയ്ക്ക് പുലിയെ ഓടിച്ചിട്ട് തൻ്റെ പാപ്പാൻ്റെ ജീവൻ രക്ഷിച്ചു. ഒരിക്കൽ കാമാച്ചിയെ ഒരു കൊമ്പൻ ആക്രമിച്ചു, അവളുടെ മുറിവ് ഉണങ്ങാൻ വർഷങ്ങളെടുത്തു, പക്ഷേ അവൾ അതിനെയെല്ലാം ധൈര്യപ്പെടുത്തി.ക്യാമ്പിൽ ഭക്ഷണം കഴിക്കുമ്പോൾ പോലും ഭാമയും കാമാച്ചിയും അടുത്തടുത്ത് നിൽക്കുന്നു. അവർ കരിമ്പ് കഴിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ ഒരാള്‍ക്ക് മാത്രം കരിമ്പ് കൊടുക്കാമെന്ന് കരുതിയാല്‍ നടക്കില്ല. അത് എപ്പോഴും രണ്ട് പേര്‍ക്കും നല്‍കണം.’സുപ്രിയ എഴുതി.
ആനക്യാമ്പിലെ ജോലിക്കാരെ അഭിനന്ദിക്കാനും സുപ്രിയ മറന്നില്ല. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്യാമ്പിൽ രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ 27 ആനകളെ പരിചരിക്കാന്‍ ശാസ്ത്രീയ മാനേജ്മെന്റ് ആവശ്യമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും തമിഴ്നാട് വനം വകുപ്പ് ചെയ്യുന്നുണ്ടെന്നും സുപ്രിയ എഴുതി. നിരവധി പേര് ഇരുവരുടെയും സൌഹൃദത്തെ അഭിനന്ദിച്ച് കൊണ്ട് വീഡിയോയ്ക്ക് കുറിപ്പുകളെഴുതാനെത്തി.
Last Updated Apr 26, 2024, 7:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]