
അഹമ്മദാബാദ്: നാടകീയ നീക്കങ്ങൾക്കൊടുവിൽ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്
സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്പി സ്ഥാനാർഥിയും സ്വതന്ത്രൻമാരും പത്രിക പിൻവലിച്ചതോടെയാണ് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നിൽ ബിജെപിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമാണ് എതിരില്ലാത്ത വിജയങ്ങൾ. മെയ് ഏഴിന് വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ബിജെപി അക്കൗണ്ട് തുറന്നു. സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. വെളളിയാഴ്ച്ച പത്രിക സമർപ്പണം പൂർത്തിയായതിനു പിന്നാലെ തുടങ്ങിയ നാടകീയ നീക്കങ്ങളാണ് മുകേഷ് ദലാലിന്റെ വിജയത്തിലെത്തിച്ചത്.
ശനിയാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറി. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയിൽ ഉൾപ്പെടുത്തി എന്ന് സത്യവാങ്മൂലം നൽകിയായിരുന്നു പിന്മാറ്റം. പിന്നാലെ നിലേഷ് കുഭാണിയുടെ പത്രിക തള്ളി. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയായി നിർത്തിയ സുരേഷ് പഡസലയും സമാന രീതിയിൽ പുറത്തായി.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും പിന്മാറിയതോടെ മുകേഷ് ദലാൽ തെരഞ്ഞെടുക്കപ്പെട്ടു. നാമ നിർദേശം ചെയ്തവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്മാറിയതിനു പിന്നിൽ ബിജെപിയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോൺഗ്രസ് പ്രതിനിധി സംഘം, സൂറത്ത് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നിലേഷ് കുംഭാണിയുടെ പത്രിക തള്ളിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് കോൺഗ്രസും വ്യക്തമാക്കി.
Read More….
Last Updated Apr 22, 2024, 6:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]