

First Published Apr 22, 2024, 4:20 PM IST
ആലപ്പുഴ ലോക് സഭ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്ന ചോദ്യത്തിന്, ആലപ്പുഴ മാത്രമല്ല കേരളം മുഴുവൻ കോൺഗ്രസ് തൂത്തുവാരുമെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ ഉറപ്പിച്ചു പറയുന്നത്.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് നഷ്ടമായ ഒരേയൊരു സീറ്റാണ് ആലപ്പുഴ. തുടർച്ചയായ രണ്ടു തവണ മണ്ഡലത്തിൽ ജയിച്ച കെ.സി വേണുഗോപാൽ ദേശീയ നേതൃത്വത്തിലേക്ക് പോയത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ. ഇത്തവണ ആശങ്കകളില്ല, ദേശീയ നേതാവ് എന്ന പ്രഭാവത്തിൽ കെ.സി വേണുഗോപാൽ ആലപ്പുഴയിൽ വീണ്ടും ജനവിധി തേടുകയാണ്.
1996 മുതൽ ആലപ്പുഴയിൽ നിറസാന്നിധ്യമാണ് കെ.സി വേണുഗോപാൽ. മൂന്നു വട്ടം എം.എൽ.എയും രണ്ട് തവണ എം.പിയുമായ കെ.സി വേണുഗോപാൽ കോൺഗ്രസിന് ഉറപ്പുള്ള സ്ഥാനാർത്ഥികളിൽ ഒരാളുമാണ്.
ദേശീയ നേതാവിന്റെ പ്രഭാവം
കെ.സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം ആലപ്പുഴയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചു കഴിഞ്ഞു. ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ട ശേഷം കോൺഗ്രസ് രാജ്യത്ത് സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെയും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ തന്ത്രങ്ങളുടെയും മുഖം തന്നെ കെ.സി വേണുഗോപാലായിരുന്നു.
ഇന്ത്യ മുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റിയുടെ സുപ്രധാന ചുമതലയും കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമാണ് കെ.സി വേണുഗോപാൽ. രാജ്യസഭയിൽ എംപിയുമാണ്. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിൽ സജീവമായിരുന്ന കെ.സി വേണുഗോപാൽ, എം.കെ സ്റ്റാലിൻ മുതൽ അരവിന്ദ് കെജരിവാൾ വരെയുള്ള നേതാക്കളുമായി നിരന്തരം സംവദിച്ചു.
രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ മുഖ്യ സംഘാടകനും കെ.സി വേണുഗോപാൽ ആയിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നൂറു ദിവസം ഒപ്പം നടന്നു കെ.സി വേണുഗോപാൽ.
പ്രതിപക്ഷ ഐക്യം നിലനിർത്താൻ കെ.സി വേണുഗോപാൽ നടത്തിയ ചുവടുവെപ്പുകൾ ശ്രദ്ധേയമാണ്. ഇത് ദേശീയ നേതാവ് എന്ന നിരയിലേക്ക് ജനങ്ങൾക്ക് ഇടയിൽ അദ്ദേഹത്തെ അതിവേഗം ഉയർത്തി. 2016-ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ക്രീനിങ് കമ്മിറ്റി ചെയർമാനായിരുന്ന കെ.സി തർക്കങ്ങളൊഴിവാക്കി സീറ്റു വിഭജനം പൂർത്തിയാക്കി. ഇതോടെ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കെ.സിയെ രാഹുൽ ഗാന്ധി നിയോഗിച്ചു. ബി.ജെ.പി സംസ്ഥാനത്തെ വലിയ ഒറ്റക്കക്ഷിയായെങ്കിലും ജനതാദളിന് പിന്തുണ നൽകി കോൺഗ്രസ് അധികാരം പിടിച്ചു. ഇത് കെ.സി വേണുഗോപാലിന്റെ ഇടപെടലിന്റെ വിജയമായിരുന്നു.
മഹാരാഷ്ട്രയിൽ 2019-ലെ തെരഞ്ഞെടുപ്പിൽ ശിവസേന, എൻ.സി.പി കക്ഷികളെ കൂട്ടുപിടിച്ച് മഹാവികാസ് അഘാഡിയുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റിയതും കെ.സി വേണുഗോപാലിന്റെ രാഷ്ട്രീയതന്ത്രമായിരുന്നു. കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് കെ.സി വേണുഗോപാലിന്റെ ഇടപെടലുകളുടെ കൂടെ ഫലമായിട്ടായിരുന്നു.
തുടരുന്ന സമരങ്ങൾ
മുഖ്യ പ്രതിപക്ഷ നേതാക്കളിൽ ഒരാൾ എന്ന നിലയിൽ കോൺഗ്രസിന്റെ സമരങ്ങളിൽ മുൻനിരയിലായിരുന്നു കെ.സി വേണുഗോപാൽ. പൗരത്വഭേദഗതി നിയമം, ഇന്ധനവിലവർധന എന്നിവയിൽ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുൻ പന്തിയിലായിരുന്നു കെ.സി വേണുഗോപാൽ. ഗാൽവനിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർക്ക് വിരുദ്ധമായ കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ പാർലമെന്റിൽ കെ.സി വേണുഗോപാൽ ശബ്ദമുയർത്തി.
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിച്ചതിന് എതിരെ ശക്തമായ പ്രതിഷേധമാണ് കെ.സി വേണുഗോപാൽ രാജ്യസഭയിൽ നടത്തിയത്. വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറിയതിന് എതിരെയും പ്രതിഷേധിച്ചു. പൊതുമേഖല ഇൻഷുറൻസ് കമ്പനികളിലെ വിദേശനിക്ഷേപത്തിന് എതിരെയും പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ഹാക്കിങ്ങിന് ശ്രമിച്ചതും കെ.സി ഉയർത്തിക്കാട്ടി.
മ്യാന്മറിൽ തടവിലായ മലയാളികൾ ഉൾപ്പെട്ടെ ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനായി വാദിച്ച കെ.സി വേണുഗോപാൽ, കേരളത്തിന് അർഹമായ എയിംസ് ആശുപത്രി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
മോദിയുടെ ഇസ്രായേൽ അനുകൂല നിലപാടിന് എതിയും കെ.സി ശബ്ദമുയർത്തി. വിലക്കയറ്റത്തിന് എതിരെ ജൻ ജാഗരൺ അഭിയാൻ യാത്രകൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ നടന്ന കലാപത്തിന് എതിരെയും ക്രൈസ്തവർക്ക് നേർക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലുണ്ടായ അതിക്രമങ്ങൾക്ക് എതിരെയും ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.
കൊവിഡ് പോരാട്ടത്തിന്റെ മുന്നിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് ലഭ്യമാക്കാൻ ആദ്യം ഇടപെടൽ നടത്തിയത് കെ.സി വേണുഗോപാലാണ്. മത്സ്യത്തൊഴിലാളികളുടെ പെൻഷന് വേണ്ടിയും സംസ്ഥാന സർക്കാരിന് എതിരെ കെ.സി പ്രതിഷേധിച്ചു. പാർലമെന്റിലും പുറത്തും കെ.സി നടത്തിയ പ്രവർത്തനങ്ങൾ ആലപ്പുഴയിൽ വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
Last Updated Apr 22, 2024, 4:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]