

First Published Apr 20, 2024, 7:19 PM IST
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്കി. നിലവില്‍ സംസ്ഥാനത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഫോം 12 D മാത്രമാണ് ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്.
ഇതനുസരുച്ച് 21, 22, 23 തീയതികളില്‍ നേരിട്ട് പോയി വോട്ട് ചെയ്യാന്‍ മാത്രമേ സാധിക്കൂ. അതേസമയം സംസ്ഥാനത്ത് ഇല്ലാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാനാകില്ല. ഇതിന് പകരമായി പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ സി വിജിൽ (cVIGIL) മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളിൽ നടപടി എടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
മാർച്ച് 16 മുതൽ ഏപ്രിൽ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളിൽ നടപടി പുരോഗമിക്കുന്നു. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകൾ, സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ, ചുവരെഴുത്തുകൾ, നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ, വസ്തുവകകൾ വികൃതമാക്കൽ, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ, മദ്യവിതരണം, സമ്മാനങ്ങൾ നൽകൽ, ആയുധം പ്രദർശിപ്പിക്കൽ, വിദ്വേഷപ്രസംഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിൽ മുഖേന കൂടുതലായി ലഭിച്ചത്. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികൾ ലഭിച്ചപ്പോൾ വസ്തുവകകൾ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികൾ ഉണ്ടായി.
നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം(19), മദ്യവിതരണം(52), സമ്മാനങ്ങൾ നൽകൽ(36), ആയുധപ്രദർശനം(150), വിദ്വേഷപ്രസംഗം(39), സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ(23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജിൽ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചു. പരാതികളിൽ വസ്തുതയില്ലെന്ന് കണ്ട് 3083 പരാതികൾ തള്ളി.
Last Updated Apr 20, 2024, 7:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]