
കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുകയും ഓസ്കർ പുരസ്കാരത്തിൽവരെ എത്തുകയും ചെയ്ത ചരിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിന് പറയാനുള്ളത്. രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തി 2022-ൽ പുറത്തിറങ്ങിയ ചിത്രം ബ്രഹ്മാണ്ഡദൃശ്യവിരുന്നാണ് പ്രേക്ഷകർക്കായി ഒരുക്കിയത്. ഈ ചിത്രത്തിലെ ചില സാഹസിക രംഗങ്ങൾക്കുപിന്നിലെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് ഛായാഗ്രാഹകനായ കെ.കെ. സെന്തിൽകുമാർ.
ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ആർആർആറിലെ മൂന്ന് രംഗങ്ങൾക്ക് പിന്നിലെ കഥ കെ.കെ. സെന്തിൽകുമാർ വെളിപ്പെടുത്തിയത്. ജൂനിയർ എൻ.ടി.ആർ അവതരിപ്പിച്ച ഭീം എന്ന കഥാപാത്രം ഭീമാകാരനായ കടുവയെ മുഖാമുഖം കാണുന്ന രംഗമാണ് അതിലൊന്ന്. ഈ രംഗത്തിന് തൊട്ടുമുമ്പ് ഒരു കുറുക്കനും ചെന്നായയും ഭീമിനെ ഓടിക്കുന്നുണ്ട്. ഈ രംഗമെടുക്കുമ്പോൾ ജൂനിയർ എൻ.ടി.ആറിന്റെ ഓട്ടത്തിന്റെ വേഗതകണ്ട് എല്ലാവരും അതിശയപ്പെട്ടെന്ന് സെന്തിൽ പറഞ്ഞു. കൗമാരകാലത്ത് ആന്ധ്രയ്ക്കുവേണ്ടി സംസ്ഥാന-ദേശീയതലങ്ങളിൽ മത്സരിച്ചിട്ടുള്ളയാളാണ് ജൂനിയർ എൻ.ടി.ആർ. അദ്ദേഹത്തിന്റെ കായികക്ഷമതയ്ക്കൊപ്പമെത്തുന്നത് വെല്ലുവിളിയാണെന്നും ഛായാഗ്രാഹകൻ ഓർമിച്ചു.
ചിത്രത്തിലെ ഇന്റർവെൽ സംഘട്ടനരംഗത്തേക്കുറിച്ചാണ് സെന്തിൽകുമാർ പിന്നീട് പറഞ്ഞത്. “ചിലസമയങ്ങളിൽ ക്ലൈമാക്സിനേക്കാൾ ഗംഭീരമാണ് ആർആർആറിലെ ഇന്റർവെൽ ഫൈറ്റ് സീൻ. പലരാത്രികളിലായാണ് ആ രംഗം ചിത്രീകരിച്ചത്. മൃഗങ്ങൾ ആക്രമിക്കുന്നവരായി കാണിക്കാൻ ആയിരക്കണക്കിനാളുകൾ വേണ്ടിയിരുന്നു. നൂറുകണക്കിന് മൃഗങ്ങളുമായി എൻ.ടി.ആർ വാഹനത്തിൽ നിന്ന് ചാടുന്ന രംഗമുണ്ട്. അതിൽ മൃഗങ്ങൾക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്. വിഎഫ്എക്സ് സൂപ്പർവൈസറുടെ ആശയമായിരുന്നു അത്.” സെന്തിൽകുമാർ വിശദീകരിച്ചു.
ഇതേ ചിത്രത്തിൽ രാം ചരൺ തേജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇൻട്രോ രംഗങ്ങളും അതീവ സാഹസികമായാണ് ചിത്രീകരിച്ചതെന്ന് സെന്തിൽകുമാർ ചൂണ്ടിക്കാട്ടി. ബ്രീട്ടീഷ് പോലീസുകാർക്കെതിരെ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പോലീസ് ഓഫീസർ അടിച്ചോടിക്കുന്നതായിട്ടാണ് ഈ രംഗം.
“മഗധീരയിൽ രാംചരൺ അവതരിപ്പിച്ച കാലഭൈരവ എന്ന കഥാപാത്രം നൂറ് പടയാളികളെ എതിർത്ത് തോൽപ്പിക്കുന്നുണ്ട്. ഞങ്ങൾക്ക് അതിലും വലിയ രീതിയിലുള്ള ഒരു സംഘട്ടനം വേണമെന്നതിനാൽ എതിരാളികളെ 2000 ആക്കി. എന്നാൽ ഇന്ത്യക്കാരെ ഇന്ത്യക്കാരനായ പോലീസ് ഓഫീസർ അടിച്ചോടിക്കുന്നത് എങ്ങനെ ശരിയാവുമെന്ന് രാം ചരണിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സംവിധായകൻ രാജമൗലി ചരണിനെ ആ രംഗത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. മൂന്ന് മാസമാണ് റിഹേഴ്സൽ നടത്തിയത്. ഫൈറ്റർമാർ, ജൂനിയർ ഫൈറ്റർമാർ, ഫൈറ്റ് ചെയ്യുന്ന നടന്മാർ എന്നിങ്ങനെ സർക്കിളുണ്ടാക്കി. അവരും ആ സംഘർഷത്തിന്റെ ഭാഗമാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.” സെന്തിൽകുമാർ പറഞ്ഞു.
1387 കോടിയായിരുന്നു പ്രദർശനം പൂർത്തിയാക്കുമ്പോൾ ആർആർആറിന്റെ ആഗോള കളക്ഷൻ. 2022-ൽ തെലുങ്ക് സിനിമയിലും ഇന്ത്യയിൽ മൊത്തത്തിലും ഏറ്റവുംകൂടുതൽ കളക്ഷൻ കിട്ടിയ ചിത്രമായും ആർആർആർ മാറി. നിലവിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന വാർ-2 ന്റെ തിരക്കുകളിലാണ് ജൂനിയർ എൻ.ടി.ആർ. ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറാണ് രാം ചരണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]