
ദില്ലി: കേരളത്തിലെ വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാനസർക്കാരിനെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഇടുക്കി ജില്ലയിൽ നിന്നുള്ള കേസിലാണ് സുപ്രീംകോടതി ഉത്തരവ്. ജയകുമാർ എന്ന വ്യക്തി തന്റെ പിതാവിന് ലഭിച്ച വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയ ഭൂമിയിൽ നിന്ന് അഞ്ഞലി മരം മുറിച്ചതാണ് കേസിന് ആധാരം.
ഇതിനെതിരെ എടുത്ത കേസിലെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. പിതാവിന് ലഭിച്ച ഭൂമിയിൽ നിന്ന് മരം മുറിക്കുന്നത് കുറ്റമല്ല എന്നായിരുന്നു കേരള ഹൈക്കോടതി നീരീക്ഷണം. എന്നാൽ, ഇതിനെതിരെ കേരള സർക്കാർ സുപ്രീംകോടതി സമീപിച്ചു. മരങ്ങളുടെ അവകാശം സർക്കാരിനാണെന്നും നിയമപ്രകാരമുള്ള അധികാരം ഹൈക്കോടതി പരിഗണിച്ചില്ലെന്നും കേരളത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു.
എന്നാൽ അഞ്ഞലി മരം മുറിക്കുന്നതിന് ഡിഎഫ്ഒയുടെ അനുവാദം വേണ്ടെന്ന് കേസിലെ എതിർകക്ഷി വാദിച്ചു. അനുവാദം ഇല്ലാതെ മരം മുറിച്ചത് കുറ്റകരമാണെന്ന് സർക്കാർ വാദം അംഗീകരിച്ച സുപ്രീം കോടതി കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. കേസിന്റെ മറ്റു നടപടികൾ ഇടുക്കിയിലെ കോടതിയിൽ തുടരാനും സുപ്രീംകോടതി ഉത്തരവിട്ടു. കേസിൽ എതിർകക്ഷിയായ ജയകുമാറിനായി അഭിഭാഷകൻ രഞ്ജിത്ത് മാരാർ ഹാജരായി.
Last Updated Apr 16, 2024, 8:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]