

വിഷു: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്താൽ കിട്ടും എട്ടിന്റെ പണി ; പിടിവീണാൽ മൂന്ന് വർഷം വരെ കഠിന തടവ്
സ്വന്തം ലേഖകൻ
കൊച്ചി: വിഷുവിന് പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പൂട്ടാൻ റെയിൽവേ സുരക്ഷ സേന (RPF). അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ പടക്കം വാങ്ങി ട്രെയിൻ വഴി കൊണ്ടുവരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി. കനത്ത ചൂടുള്ള കാലാവസ്ഥയിൽ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കർശനമാക്കുന്നത്.
പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് മൂന്നു വർഷം വരെയാണ് തടവ്. കൂടാതെ പിഴയും കിട്ടും.
ആർപിഎഫ് ക്രൈം ഡിവിഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മംഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എസ്ഐയോ എഎസ്ഐയോ നേതൃത്വം നൽകുന്ന നാലംഗ സംഘമാണ് ഓരോ സ്ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും.
മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാൽ റെയിൽവേ നിയമം 164, 165 വകുപ്പുകൾ പ്രകാരം കേസെടുക്കും. മൂന്നു വർഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]