
ബംഗളൂരു: ഓണ്‍ലൈൻ തട്ടിപ്പുസംഘം 14 ലക്ഷം രൂപ തട്ടുകയും തന്റെ നഗ്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തെന്ന് യുവ അഭിഭാഷക. 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് 29കാരി പൊലീസിൽ പരാതി നൽകിയത്. സിബിഐ സംഘമെന്ന് പറഞ്ഞ് എത്തിയവരാണ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും പണം തട്ടുകയും ചെയ്തതെന്ന് യുവതി പറഞ്ഞു.
ഏപ്രിൽ 3ന് ഫെഡ്എക്സ് കൊറിയറിൽ നിന്നാണെന്ന് പറഞ്ഞ് ഒരു കോള്‍ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ബെംഗളൂരു സ്വദേശിയായ അഭിഭാഷക പറയുന്നു. ഒരു പാഴ്സൽ തിരികെവന്നു എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. മുംബൈയിൽ നിന്ന് തായ്ലൻഡിലേക്ക് അയച്ച പാഴ്സലിൽ അഞ്ച് പാസ്പോർട്ടുകളും മൂന്ന് ക്രെഡിറ്റ് കാർഡുകളും എംഡിഎംഎയും ഉണ്ടെന്നും പറഞ്ഞു. താൻ അങ്ങനെയൊരു പാഴ്സൽ അയച്ചിട്ടില്ലെന്ന് യുവതി മറുപടി നൽകി. ഇതോടെ മുംബൈയിലെ സൈബർ ക്രൈം ടീമിൽ പരാതി നൽകുന്നുണ്ടോയെന്ന് വിളിച്ചയാള്‍ ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതോടെ മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. വിളിച്ചയാള്‍ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു.
വീഡിയോ കോളിൽ തന്റെ ആധാർ കാർഡ് ആവശ്യപ്പെട്ടു. മയക്കുമരുന്ന്, മനുഷ്യക്കടത്ത് കേസുകളിൽ തന്റെ ആധാർ കാർഡ് നിരീക്ഷണത്തിലാണെന്ന് വിളിച്ചയാള്‍ പറഞ്ഞെന്ന് യുവതി പരാതിയിൽ വിശദീകരിച്ചു. തുടർന്ന് മുതിർന്ന സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് അഭിഷേക് ചൗഹാൻ എന്ന് പരിചയപ്പെടുത്തിയ ആള് തന്നോട് സംസാരിച്ചെന്ന് യുവതി പറയുന്നു. തന്റെ അക്കൗണ്ടിലെ തുക, ശമ്പളം, നിക്ഷേപം എന്നിവയുൾപ്പെടെ എല്ലാ വിവരങ്ങളും ചോദിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു വിശദാംശവും ആരോടും വെളിപ്പെടുത്തരുതെന്ന് തന്നോട് ഇയാള്‍ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.
കുടുംബവുമായോ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനുമായോ തനിക്ക് സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ, അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. അത് യുവതിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്. പോലീസും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഹൈപ്രൊഫൈൽ കേസായതിനാൽ ആരോടും ഒന്നും പറയരുതെന്ന് പറഞ്ഞു. തന്റെ വ്യക്തിവിവരങ്ങളും ആധാർ നമ്പറും തട്ടിപ്പിനായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടാവുമെന്നും ഇത് കണ്ടുപിടിക്കണമെന്നുമാണ് പറഞ്ഞത്. വീഡിയോ കോള്‍ ഓഫാക്കരുതെന്ന് അവർ ആവശ്യപ്പെട്ടെന്നും പകലും രാത്രിയിലും താൻ അവരുടെ നിരീക്ഷണത്തിലായിരുന്നെന്നും യുവതി പറയുന്നു.
അടുത്ത ദിവസം തന്റെ അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ ഒരു ഡമ്മി അക്കൗണ്ടിലേക്ക് മാറ്റാൻ അഭിഷേക് ചൌഹാൻ ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. അക്കൌണ്ടിലെ പണമിടപാടുകള്‍ നിയമപരമായാണോ നടക്കുന്നത് എന്നറിയാനാണ് ഇതെന്നാണ് പറഞ്ഞത്. തുടർന്ന് 5,000 ഡോളർ വിലയുള്ള ബിറ്റ്കോയിൻ വാങ്ങാൻ തട്ടിപ്പുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഷോപ്പിംഗ് സൈറ്റിൽ ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തുകയും അക്കൌണ്ടിലെ പണം കൈക്കലാക്കുകയും ചെയ്തു. ഈ ഇടപാടുകൾക്ക് ശേഷം, നാർക്കോട്ടിക് ടെസ്റ്റിന് എന്ന പേരിൽ നഗ്നയാവാൻ ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. ഇല്ലെങ്കിൽ തന്നെയും കുടുംബത്തെയും മയക്കുമരുന്ന് കേസിൽ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിൽക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിനെ സമീപിച്ചതെന്ന് യുവതി വിശദീകരിച്ചു.
ബാങ്ക് അക്കൌണ്ടുകള്‍, യുപിഐ തുടങ്ങിയ വിശദാംശങ്ങള്‍ ചോദിച്ച് വരുന്ന വിളികള്‍ പൊലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ഫെഡ്എക്സ് ആവശ്യപ്പെട്ടു. അത്തരം വിവരങ്ങള്‍ ഫെഡ്എക്സ് ഒരിക്കലും ആവശ്യപ്പെടില്ല. നിങ്ങള്‍ പാഴ്സൽ അയച്ചിട്ടില്ലെങ്കിൽ, പാഴ്സലിന്റെ പേരുപറഞ്ഞ് ആരെങ്കിലും വിളിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചാൽ വലയിൽ വീഴരുതെന്നും ഫെഡ്എക്സ് ആവശ്യപ്പെട്ടു.
Last Updated Apr 10, 2024, 12:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]