
9:39 AM IST:
കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ലെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു പരാമർശം.
7:56 AM IST:
കേരള സ്റ്റോറി വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങി കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിൽ രാവിലെ 9.30നാണ് പ്രദർശനം. “മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്.
7:31 AM IST:
നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം.
7:30 AM IST:
പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പൊലീസ് പറയുന്നു.
7:28 AM IST:
ഒമാനിലും ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഇതോടെ യുഎഇ ഉൾപ്പടെ മുഴുവൻ ഗൾഫ് രാജ്യങ്ങളും ഒന്നിച്ച് പെരുന്നാൾ ആഘോഷിക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് ഈദ് ഗാഹുകൾക്കായി ഒരുക്കിയിട്ടുള്ളത്. ഈദ് അൽ ഫിത്തർ പ്രമാണിച്ച് 154 തടവുകാർക്ക് ഒമാൻ പൊതുമാപ്പ് നൽകി.
7:28 AM IST:
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.