
വിരലിൽ എണ്ണാവുന്ന സിനിമകളെ ചെയ്തുള്ളുവെങ്കിലും വലിയൊരു ഫാൻ ബേയ്സ് ഉള്ള നടനാണ് പ്രണവ് മോഹൻലാൽ. സിനിമകളെക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവിന്റേതായി വരുന്ന സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ആ കാത്തിരിപ്പിന്റെ അവസാന പേരാണ് ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രം. ഏപ്രിൽ 11ന് സിനിമ തിയറ്ററിൽ എത്താനിരിക്കെ പ്രണവിനെ കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസനും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് വേണ്ടെന്ന് വച്ചത് 15 സിനിമകളാണെന്ന് വൈശാഖ് പറയുന്നു. വർഷങ്ങൾക്ക് ശേഷത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്എമ്മിന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. “ഹൃദയം കഴിഞ്ഞ ശേഷം അപ്പു വേറെ സ്ക്രിപ്റ്റുകൾ കേട്ടിരുന്നു. 15 സ്ക്രിപ്റ്റ് എങ്കിലും അവൻ കേട്ടിട്ടുണ്ട്. അതൊക്കെ വേണ്ടെന്നും വച്ചു. നമുക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു. നമ്മൾ പോയാലും ഇവൻ റിജക്ട് ചെയ്യുമോ എന്ന്. വർഷങ്ങൾക്കു ശേഷം സ്റ്റോറി കേട്ടപ്പോൾ ഇത് അപ്പു ചെയ്താൽ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മൾ പോയി കണ്ടു. കഥയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ അപ്പൂന് ഇഷ്ടമായി”, എന്നാണ് വിശാഖ് പറഞ്ഞത്.
വിനീതും ഇതേപറ്റി സംസാരിക്കുന്നുണ്ട്. “പ്രണവിന്റെ അടുത്തേക്ക് പോകുന്നതിന് മുൻപ് ഡൗട്ട് ഉണ്ടായിരുന്നു. ഹൃദയം കഴിഞ്ഞിട്ട് എന്തെങ്കിലും നെഗറ്റീവ് റോൾ ചെയ്താൽ കൊള്ളാമെന്ന് അവൻ പറഞ്ഞിരുന്നു. നമുക്ക് നെഗറ്റീവ് പറ്റുകയും ഇല്ല” എന്നാണ് വിനീത് പറഞ്ഞത്. ഫസ്റ്റ് ഹാഫ് കഥ കേട്ടപ്പോൾ തന്നെ എന്ത് തയ്യാറെടുപ്പുകളാണ് ഞാൻ ചെയ്യേണ്ടതെന്ന് അവൻ ചോദിച്ചു. അപ്പോഴാണ് ആള് സിനിമ ചെയ്യാൻ തീരുമാനിച്ചു എന്ന് എനിക്ക് മനസിലായതെന്നും വിനീത് പറയുന്നുണ്ട്.
തന്റെ ഒരു സിനിമയ്ക്കും പ്രണവ് പ്രമോഷന് വന്നിട്ടില്ല. പലരും ആവശ്യപ്പെടുന്നൊരു കാര്യവും ഇതാണ്. എന്നാൽ ഏറ്റെടുത്ത ജോലി പൂർത്തിയാക്കി വീണ്ടും യാത്ര തിരിക്കുന്നതാണ് പ്രണവിന്റെ പതിവ്. “അവൻ ആദ്യമെ പറഞ്ഞു. വിശാഖ് ചേട്ടാ ബാക്കി എല്ലാം ഓക്കെ. പ്രമോഷന് ഞാൻ വരില്ലെന്ന്. അവൻ പറ്റില്ലെന്ന് പറഞ്ഞ കാര്യം വീണ്ടും ചോദിക്കുന്നത് ശരിയല്ല”എന്നാണ് വിശാഖ് പ്രമോഷനെ കുറിച്ച് പറഞ്ഞത്.
Last Updated Apr 9, 2024, 11:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]