
1970-കളിലെ കോടമ്പാക്കം പുനഃസൃഷ്ടിച്ച് വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത വർഷങ്ങൾക്കുശേഷം എന്ന സിനിമ പ്രദർശനത്തിനൊരുങ്ങി. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ സംസാരിക്കുന്നു
മലയാള സിനിമയിൽ കോടമ്പാക്കത്തിന്റെ അലകൾ വീണ്ടും ഉയരുന്നു. സിനിമയിൽ ഭാഗ്യപരീക്ഷണത്തിനായി മദിരാശിയിലേക്ക് വണ്ടികയറിയ രണ്ടു ചെറുപ്പക്കാരുടെ ജീവിതമാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം ‘വർഷങ്ങൾക്കുശേഷം’. 1970-കളിലെ കോടമ്പാക്കം അതിന്റെ എല്ലാവിധ പകിട്ടോടെയും സിനിമയ്ക്കായി അണിയറപ്രവർത്തകർ പുനഃസൃഷ്ടിച്ചു. സിനിമക്കാരുടെ അന്നത്തെ തട്ടകമായ സ്വാമീസ് ലോഡ്ജും ബീഡിപ്പുകനിറഞ്ഞ തെരുവുകളും ആർപ്പുവിളികളിൽ മുങ്ങിയ തിയേറ്ററുകളുമെല്ലാം സെറ്റുകളായി വീണ്ടും ഉയർന്നു.
സിനിമാസ്വപ്നം ഉള്ളിൽപ്പേറുന്നവരുടെ സ്വപ്നനഗരമായിരുന്നു ഒരുകാലത്ത് മദിരാശി. നടനാകാൻ, സംവിധായകനാകാൻ, പാട്ടുപാടാൻ, കഥപറയാൻ… അങ്ങനെ സിനിമാക്കാരനാകാൻ മദ്രാസ് മെയിലിൽ മഹാനഗരത്തിലേക്ക് വന്നിറങ്ങിയത് ആയിരങ്ങളാണ്. വലിയ സ്വപ്നങ്ങൾപേറി ജീവിതത്തിന്റെ നല്ലകാലം മുഴുവൻ സിനിമയ്ക്കുചുറ്റും കറങ്ങിത്തിരിഞ്ഞ മനുഷ്യർ, അവസരംതേടി അലഞ്ഞ് ഒടുവിൽ ജൂനിയർ ആർട്ടിസ്റ്റോ, ലൈറ്റ് ബോയിയോ ആയി ജീവിതം തീർത്തവർ. പട്ടിണിമാറ്റാൻ കോടമ്പാക്കത്തെ ഹോട്ടലുകളിൽ സപ്ലയറായി ജീവിതം പറിച്ചുനട്ടവർ. ഇന്നും കോടമ്പാക്കത്തെ ചായക്കടകളിലിരുന്ന് പഴയ സിനിമായാത്രയും ചോരതിളച്ച പ്രായത്തിൽനടത്തിയ എടുത്തുചാട്ടവും വിവരിക്കുന്ന മനുഷ്യർ ഒരുപാടുണ്ട്. ഒപ്പം വണ്ടിയിറങ്ങിയവരിൽ രക്ഷപ്പെട്ടുപോയവരുടെ കഥപറയുമ്പോൾ അവർ വാചാലരാകും. ഓർമകളുടെ ഈ മണ്ണിൽ ചവിട്ടിനിന്നാണ് വിനീത് തന്റെ പുതിയസിനിമയ്ക്കായി കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. അതിനാൽ, ഈ ചിത്രത്തിൽ എഴുത്തുകാരന്റെ ഭാവനയോളംതന്നെ ജീവിതത്തിന്റെ നേർക്കാഴ്ചകളും നിഴലും കാണാം…
നിർമാതാവിനെയും അഭിനേതാക്കളെയും ലഭിക്കാൻ പ്രയാസമുള്ള സംവിധായകനല്ല വിനീത് ശ്രീനിവാസൻ. എന്നിട്ടും എന്തുകൊണ്ടാണ് ഒരു സിനിമയ്ക്കുശേഷം അടുത്തതിലേക്ക് ഇത്രയധികം കാലതാമസം
ഒരു സിനിമയുടെ ആശയം മനസ്സിൽ രൂപപ്പെട്ട് മുന്നോട്ടുപോകാനുള്ള ആഗ്രഹം ശക്തമാകുമ്പോൾ മാത്രമാണ് എഴുത്ത് ആരംഭിക്കുന്നത്. എഴുതിത്തുടങ്ങിയാൽ കാര്യങ്ങൾ വേഗത്തിലാകും പക്ഷേ, ഉൾപ്രേരണ ശക്തമാകുമ്പോൾ മാത്രമേ എഴുതാൻപറ്റാറുള്ളൂ. അടുത്തസിനിമ ഇതാണ് എന്ന് മനസ്സുപറയുന്ന സമയമുണ്ടാകും. അപ്പോഴേക്കും ഒരുപാട് ചിന്തകൾ മനസ്സിലും കഥയുടെ സഞ്ചാരം ഫോണിൽ വോയ്സ് റെക്കോഡായും (പലപ്പോഴായി സ്വയം റെക്കോഡ് ചെയ്തുവെക്കുന്നവ) നിറഞ്ഞിരിക്കും. എഴുതിത്തുടങ്ങാൻ എടുക്കുന്നസമയമാണ് പലപ്പോഴും സിനിമകൾതമ്മിലുള്ള ഗ്യാപ്പിനുകാരണം. മനസ്സിന്റെ തോന്നലുകളിൽനിന്നാണ് സിനിമ ജനിക്കുന്നത്, മനസ്സിലെ ആശയം മൂത്തുപഴുക്കാനായി കാത്തിരിക്കും. നിർമാതാക്കളെയും അഭിനേതാക്കളെയും പറഞ്ഞുറപ്പിച്ച് ആദ്യമേയൊരു പ്രോജക്ടുണ്ടാക്കി സിനിമചെയ്യുന്ന രീതിയല്ല എന്റേത്.
കോളേജ് കാലംമുതൽക്കേ വിനീത് മനസ്സിൽ കൊണ്ടുനടക്കുന്ന കഥയാണ് ‘വർഷങ്ങൾക്കുശേഷ’ത്തിന്റേതെന്ന് കേട്ടിട്ടുണ്ട്, ഇത്രകാലം കഴിഞ്ഞിട്ടും കഥയുടെ പ്രസക്തി നഷ്ടപ്പെട്ടില്ല എന്നാണോ…
കാലം കഴിയുംതോറും പ്രസക്തിനഷ്ടപ്പെടുന്ന കഥകളും നഷ്ടപ്പെടാത്ത കഥകളുമുണ്ട്. ചില കഥകളെല്ലാം അങ്ങനെ ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, കോളേജുകാലത്ത് മനസ്സിൽ കയറിക്കൂടിയ രണ്ടുമൂന്നുകഥകൾ ഇന്നും സിനിമയാക്കാൻ പറ്റുന്നതാണ്. പുതിയകാലത്തിനോട് ചേർന്നുനിന്ന് അവയെല്ലാം കൂടുതൽ ശക്തമായി. അത്തരത്തിലൊരുകഥയാണ് ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയായി രൂപംകൊണ്ടത്. ചില കഥകൾ അങ്ങനെയാണ് അവ നമുക്കൊപ്പം സഞ്ചരിക്കുംവിട്ടുപോകില്ല. ഈ കഥ ആദ്യം മനസ്സിൽവന്നപ്പോൾ 1970-കളിലെ രംഗങ്ങൾ മാത്രമായിരുന്നു മനസ്സിൽ. കഴിഞ്ഞ നാലഞ്ചുവർഷത്തിനിടെ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. ഇന്ന് നിങ്ങൾ കാണാൻപോകുന്ന സിനിമ 1970-ൽ തുടങ്ങി എൺപതുകളിലൂടെ സഞ്ചരിച്ച് 2024-ൽ ചെന്നവസാനിക്കുന്നതാണ്.
സിനിമയ്ക്കുവേണ്ടി 1970-കളിലെ കോടമ്പാക്കവും ആ കാലവും പുനഃസൃഷ്ടിക്കുകയായിരുന്നു. വലിയസെറ്റുകളൊരുക്കി അതിനുള്ളിൽനിന്ന് കഥപറയുന്ന രീതി വിനീത് സിനിമകൾക്ക് പതിവില്ലാത്തതല്ലേ…
കഥ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒരുക്കാതെ സിനിമചെയ്യാനാകില്ല, 1970-കളിലെ കോടമ്പാക്കത്തെ ജീവിതമാണ് സിനിമയുടെ വലിയൊരു ഭാഗം. അമ്പതുവർഷം മുമ്പുള്ള കാലം, കാഴ്ചകൾ ഇന്ന് എവിടെയും ചിത്രീകരിക്കാനാകില്ല. ഈ കഥപറയണമെങ്കിൽ സെറ്റുകൾ വേണ്ടിവരുമെന്ന് ആദ്യമേ മനസ്സിലാക്കിയിരുന്നു. വലിയ കാൻവാസിലും ബജറ്റിലും ചെയ്യേണ്ട സിനിമയാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഇത്രയുംകാലം മാറ്റിവെച്ചത്. പലസ്ഥലങ്ങളിലായിട്ടാണ് സെറ്റൊരുക്കിയത്. കോടമ്പാക്കത്തെ സ്വാമീസ് ലോഡ്ജും കടകളും ഹോട്ടലുകളുമെല്ലാം അരൂരിൽ പുനഃസൃഷ്ടിച്ചു. സെറ്റിൽ ഒരുദിവസം പ്രിയനങ്കിൾ (സംവിധായകൻ പ്രിയദർശൻ) വന്നിരുന്നു, പഴയ കോടമ്പാക്കത്തിന്റെ ഒരു ഫീൽ കിട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. അഭിനയിക്കാനെത്തിയ വൈ.ജി. മഹേന്ദ്ര പറഞ്ഞതും കൺമുമ്പിൽ പഴയ കോടമ്പാക്കം നിറഞ്ഞുനിൽക്കുന്നല്ലോ എന്നാണ്. സിനിമയുടെ ചിത്രീകരണം നാൽപ്പതുദിവസംകൊണ്ട് തീർന്നെങ്കിലും സെറ്റൊരുക്കത്തിന് രണ്ടുമാസം വേണ്ടിവന്നു.
സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ മദിരാശിയിലേക്ക് വണ്ടികയറുന്ന രണ്ടു ചെറുപ്പക്കാർ, 1970-കളിലെ കോടമ്പാക്കം കാഴ്ചകൾ… അച്ഛന്റെ ജീവിതവുമായി മകന്റെ സിനിമ എത്രത്തോളം അടുത്തുനിൽക്കുന്നുണ്ട്…
അച്ഛൻ എഴുതിയ രണ്ടു തിരക്കഥയുടെ പ്രചോദനം ഈ സിനിമയ്ക്കുണ്ട്. അവരുടെ ഒരുകാലമാണ് കഥാപശ്ചാത്തലം. എഴുപതുകളിൽ അവർ എത്തിച്ചേർന്ന, സിനിമ പഠിച്ച നഗരത്തിന്റെ കഥ. ഈ കാലത്തെക്കുറിച്ചും അന്നത്തെ പലസംഭവങ്ങളെപ്പറ്റിയും കുട്ടിക്കാലംമുതൽക്കേ കേട്ടിട്ടുണ്ട്, അവയെല്ലാം അന്നേ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. അതെല്ലാം കഥയ്ക്ക് കൂട്ടുവന്നിട്ടുണ്ട്. അച്ഛന്റെ മാത്രമല്ല, സിനിമാസ്വപ്നവുമായി കോടമ്പാക്കത്തുവന്നിറങ്ങിയ ഒരുപാട് ജീവിതങ്ങളുടെ നിഴലുകൾ ഈ സിനിമയിൽ കാണാം. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ സിനിമാക്കാരാകാൻ ചാടിപ്പുറപ്പെട്ടവർ, രക്ഷപ്പെട്ടവരെക്കുറിച്ചുമാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ, ജീവിതം ഹോമിക്കപ്പെട്ടവർ അതിലധികമുണ്ട്. അച്ഛനിൽനിന്നുതന്നെ അത്തരം കഥകൾ കേട്ടിട്ടുണ്ട്. സൗഹൃദമാണ് ഈ സിനിമയുടെ കാതൽ. ഈ സിനിമയുടെ കഥ അച്ഛനോട് പറഞ്ഞിട്ടുണ്ട്, കഥകേട്ടശേഷം കൊള്ളാം എന്നായിരുന്നു മറുപടി. കഥയ്ക്കുള്ളിൽ ലൈഫും ഹ്യൂമറും ഉണ്ടെന്നും അവ രണ്ടുമുള്ള കഥകൾ നല്ലതാകുമെന്നും പറഞ്ഞു. ആത്മവിശ്വാസം നൽകിയ വാക്കുകളായിരുന്നു അത്.
നിവിൻ, പ്രണവ്, ധ്യാൻ, ബേസിൽ, അജു, നീരജ്, കല്യാണി… വിനീതിന്റെ ടീം മൊത്തം ഒരു സിനിമയിൽ ഒന്നിക്കുകയാണ്. എഴുതിത്തുടങ്ങുമ്പോഴേ ഇവരൊക്കെത്തന്നെയായിരുന്നോ മനസ്സിൽ…
ധ്യാൻ, പ്രണവ്, നിവിൻ ഇവരില്ലെങ്കിൽ ഈ സിനിമ നടക്കില്ലെന്ന് ആദ്യഘട്ടത്തിലേ തോന്നിയിരുന്നു. ബേസിലും അജുവും നീരജുമെല്ലാം എഴുതുന്നസമയത്ത് കഥാപാത്രങ്ങളായി മനസ്സിലേക്കുവന്നു. കഥകേട്ടശേഷം ടീമിലെല്ലാവരുംകൂടി കല്യാണിയുടെ പേര് നിർദേശിക്കുകയായിരുന്നു. ചിലർക്കെല്ലാം പകരക്കാരെ മനസ്സിൽക്കണ്ടു. പക്ഷേ, അതൊന്നും വേണ്ടിവന്നില്ല. ആഗ്രഹിച്ചവരെല്ലാം വന്നു. എല്ലാവരും ഒന്നിച്ചുണ്ടായിരുന്ന മൂന്നാറിലെ ഷൂട്ടിങ് വലിയൊരനുഭവമായിരുന്നു. സെറ്റ് മൊത്തം ബഹളം, കളിയാക്കലുകളും പൊട്ടിച്ചിരികളും. ധ്യാനും ബേസിലുമായിരുന്നു പ്രധാനവില്ലന്മാർ. ഒരുവിധത്തിലാണ് അന്നെല്ലാം ഷൂട്ടിങ് മുന്നോട്ടുകൊണ്ടുപോയത്. കാണാൻ ഇഷ്ടപ്പെടുന്ന എല്ലാവരെയും ഒന്നിച്ചൊരു ഫ്രെയിമിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
വിനീത് തന്നെ സംവിധാനംചെയ്ത ‘തിര’യിലൂടെയാണ് ധ്യാൻ സിനിമയിലേക്കെത്തുന്നത്, വർഷങ്ങൾക്കുശേഷം അനിയനെ വീണ്ടും ക്യാമറയ്ക്കുമുന്നിൽ നിർത്തുമ്പോൾ മാറ്റം എത്രത്തോളമാണ്
അഭിനേതാവ് എന്നനിലയിൽ ധ്യാൻ വലിയതോതിൽ മാറിയിട്ടുണ്ട്. ‘തിര’യിൽ വരുമ്പോൾ അവൻ തീർത്തും ഒരു തുടക്കക്കാരനായിരുന്നു. ഇന്ന് കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യംചെയ്യാൻ പഠിച്ചുകഴിഞ്ഞു. സിറ്റുവേഷൻ പറഞ്ഞുകഴിഞ്ഞാൽ അത് ഉൾക്കൊണ്ട് അവതരിപ്പിക്കാൻ അവനറിയാം. ക്യാമറയ്ക്കുമുന്പിൽനിർത്തി സീൻ ഷൂട്ട് ചെയ്യുമ്പോഴല്ല, അവനെയുംകൂട്ടി സിനിമാപ്രമോഷന് ഇരിക്കുമ്പോഴായിരുന്നു ടെൻഷൻ. ചാനലുകാരുടെയും ഓൺലൈൻ മീഡിയയുടെയും ക്യാമറയ്ക്കുമുന്നിൽ എന്താണ് അവൻ പറയുക എന്ന് ചിന്തിക്കാനേ കഴിയില്ല. സിനിമയുടെ കഥപറയരുത്, സർപ്രൈസുകൾ പൊളിക്കരുത്, ക്ലൈമാക്സ് വിശദീകരിക്കരുത് എന്നെല്ലാം പറഞ്ഞാണ് പ്രമോഷനുവേണ്ടി വിളിച്ചത്. പറയരുത് എന്ന് പറഞ്ഞതെല്ലാം ഓർത്തുപറയാൻ അവന് പ്രത്യേക കഴിവുണ്ട്.
വിനീത് ശ്രീനിവാസൻ സിനിമയുടെ മറ്റൊരു ഹൈലൈറ്റ് പാട്ടുകളാണ്. ഈ സിനിമയിൽ ഗായകനായും ഗാനരചയിതാവായും വിനീത് എത്തുന്നു. സിനിമയുടെ പാട്ടുവിശേഷങ്ങൾ…
പാട്ടിന് പ്രാധാന്യമുള്ള സിനിമതന്നെയാണ് വർഷങ്ങൾക്കുശേഷം. ഹൃദയത്തിലുള്ള അത്രയും പാട്ടുകളില്ലെങ്കിലും ഒമ്പതോ പത്തോ പാട്ടുകൾ ഈ സിനിമയിലും വന്നുപോകുന്നുണ്ട്. അമൃത് രാംനാഥാണ് സംഗീതസംവിധായകൻ. സിനിമയുടെ പാട്ടൊരുക്കാൻ തുടക്കത്തിൽ സീനിയറായൊരാളെയാണ് മനസ്സിൽ കണ്ടിരുന്നത്. അദ്ദേഹത്തെ വിളിക്കാൻ ഒരുങ്ങുന്ന അവസരത്തിലാണ് അമൃത് വരുന്നത്. അവൻചെയ്ത ചില പാട്ടുകൾ കേട്ടപ്പോൾ ആ ശൈലി സിനിമയിലെ സന്ദർഭങ്ങൾക്ക് ഇണങ്ങുന്നതാണെന്ന് തോന്നി. പാടാനുള്ള സാധ്യതതേടിയാണ് അമൃത് എന്നെ സമീപിച്ചതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ഗാനരചന മനുമഞ്ജിത്തിനെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. അവന് നൽകാൻ വരികളുടെ ഏകദേശരൂപമൊരുക്കി, ആ ശ്രമങ്ങളാണ് പിന്നീട് പാട്ടുകളായിമാറിയത്. ഈ സിനിമയിൽ ഞാൻ എഴുതിയ മൂന്ന് പാട്ടുകളാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]