
വത്തിക്കാൻ സിറ്റി: ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനെ ഇല്ലാതാക്കുന്നത് എല്ലാ മനുഷ്യാവകാശങ്ങളുടേയും ലംഘനമാണെന്നും കത്തോലിക്കാ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അഞ്ചുവർഷത്തോളം പഠം നടത്തിയാണ് 20 പേജുള്ള പ്രഖ്യാപനം തയ്യാറാക്കിയത്. വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് ആണ് തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കിയത്. പ്രസ്താവന തയ്യാറാക്കി മാസങ്ങളോളം നടത്തിയ പരിശോധനകൾക്കുശേഷം മാർച്ച് 25നാണ് ഫ്രാൻസിസ് മാർപാപ്പ ഇതിന് അംഗീകാരം നൽകിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യക്തിയുടെ ലിംഗം മാറ്റാൻ കഴിയുമെന്നുപറയുന്ന ജെൻഡർ തിയറിയെ വത്തിക്കാൻ നിരാകരിക്കുന്നു. ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അതിനാൽ, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയം ദൈവമാകാൻ ശ്രമിക്കുകയോ അരുതെന്നാണ് പ്രഖ്യാപനം പറയുന്നത്. വാടകഗർഭപാത്രത്തിലൂടെയുള്ള ജനനം വാടക അമ്മയുടെയും ജനിക്കുന്ന കുഞ്ഞിൻറെയും അന്തസ്സിനെ ഹനിക്കുന്നുവെന്നും വത്തിക്കാൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
ലിംഗസിദ്ധാന്തത്തെ വിമർശിക്കുന്നുണ്ടെങ്കിലും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് മാർപ്പാപ്പ നേരത്തെ പിന്തുണ നൽകിയിരുന്നു. സ്വവർഗ വിവാഹത്തെ ആശീർവദിക്കാന് നേരത്തെ മാർപ്പാപ്പ അനുമതി നൽകിയിരുന്നു. എന്നാൽ ആഫ്രിക്കൻ സഭകളിൽ നിന്നടക്കം ഇതിനെതിരെ കടുത്ത എതിർപ്പുയർന്നു. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നാണ് മാർപ്പാപ്പ പറഞ്ഞത്. സ്വവർഗ ലൈംഗികത ആഫ്രിക്കൻ സംസ്കാരത്തിൽ നിഷിദ്ധമാണ്. ഇപ്പോൾ തന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭാവിയിൽ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്റാലിയൻ മാധ്യമമായ ലാ സ്റ്റാമ്പയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ മാർപ്പാപ്പ വ്യക്തമാക്കിയിരുന്നു.
Last Updated Apr 9, 2024, 11:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]