
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളില്‍ വിജയക്കുതിപ്പിലാണ്. ചിത്രത്തിന്റെ വിസ്മയകരമായ ദൃശ്യമികവ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഈ അവസരത്തില്‍ ‘ആടുജീവിത’ത്തിന്റെ ഛായാഗ്രാഹകന്‍ സുനില്‍ കെ.എസ്. സംസാരിക്കുന്നു;
താങ്കളെങ്ങനെയാണ് ‘ആടുജീവിതം’സിനിമയുടെ ഭാഗമാകുന്നത്?
‘കമ്മാരസംഭവം’എന്ന സിനിമയുടെ സംവിധായകനായ രതീഷ് അമ്പാട്ടാണ് എന്നെ ബ്ലെസി സാറിന് പരിചയപ്പെടുത്തിയത്. ആടുജീവിതത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ സിനിമക്ക് വലിയ സ്കോപ്പുണ്ടെന്നത് വ്യക്തമായിരുന്നു.
സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ ഷൂട്ട് ചെയ്തത് കെ.യു. മോഹനനായിരുന്നു. കേരളം പശ്ചാത്തലമാക്കിയുള്ള രംഗങ്ങളായിരുന്നു അതില്‍. അതുകൊണ്ടുതന്നെ നജീബിന്റെ സ്വദേശത്തെക്കുറിച്ചൊന്നും ചിത്രീകരിച്ചത് ഞാനായിരുന്നില്ല. 2019-ല്‍ ഞാന്‍ ഈ ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ മരുഭൂമിയില്‍ നിന്നുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ടെക്നോളജിയില്‍ ഒരുമാറ്റമുണ്ടായിരുന്നു. ഈ മാറ്റം സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന രണ്ട് വ്യത്യസ്ത ലോകങ്ങളെക്കുറിച്ചുള്ള സവിശേഷമായ ഒരു കാഴ്ചപ്പാട് നല്‍കുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നൈജീരിയയിലേയും ജോര്‍ദാനിലേയും മരുഭൂമിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചപ്പോള്‍ പല പ്രതിസന്ധികളും നേരിടേണ്ടിവന്നല്ലോ. കോവിഡ് കാരണമുള്ള നിബന്ധനകള്കൊണ്ടാണോ ജോര്‍ദാനില്‍ എഴുപത് ദിവസത്തോളം ഒറ്റപ്പെട്ടത്? അന്ന് മനസ്സിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ചൊന്ന് പറയാമോ?
വിദേശത്ത് സിനിമയുടെ ചിത്രീകരണത്തിനായി പോയപ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അപ്പോള്‍ എന്തിനും ഞങ്ങള്‍ സജ്ജമായിരുന്നു. അത്ഭുതകരമെന്ന് തോന്നുന്ന അനുഭവമാണത്. ഞങ്ങളോരോരുത്തരും പരമാവധി ഞങ്ങളുടെ ജോലി ഭംഗിയാക്കാന്‍ നിശ്ചയിച്ചതാണ്. ഒരു ഷോട്ടിലും ആര്‍ക്കും ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടായിരുന്നു. ഈ സിനിമയോടുള്ള ബ്ലെസി സാറിന്റെ സമര്‍പ്പണം വിസ്മയിപ്പിക്കുന്നതാണ്.
ഓരോ ഫ്രെയ്മിനുമുള്ള ലൈറ്റിങ്ങും മറ്റ് ഘടകങ്ങളും എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. സ്ക്രിപ്റ്റ് ആവശ്യപ്പെട്ടത് തരിശായതും വെല്ലുവിളി നിറഞ്ഞതുമായ ഒരു ഭൂപ്രദേശമാണ്. അതുകൊണ്ട് മരുഭൂമിയില്‍ നിന്നുള്ള സീനുകള്‍ക്ക് അനുയോജ്യമായ കളര്‍ പാലറ്റുകള് ഉപയോഗിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് തോന്നുന്നപോലെ മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടണമെന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാക്കാനാണ് ആ സാധ്യത ഉപയോഗിച്ചത്. മരുഭൂമിയില്‍ നിന്നുള്ള രംഗങ്ങളില്‍ വളരെ ക്രിയേറ്റിവ് ആയി ചിത്രീകരിച്ചത് ഒരേയൊരു രംഗമാണ്.
എല്ലാദിവസവും ഒന്നിലധികം സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ ചിലസമയം ഒരു സിംഗിള്‍ സീക്വന്‍സ് എടുക്കാന്‍ 8 മുതല്‍ 20 ദിവസംവരെ എടുക്കേണ്ടിവന്നിട്ടുമുണ്ട്. മരുഭൂമിയില്‍ നിന്നുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ആകെ 110 ദിവസമാണ് ഞങ്ങളവിടെ ചെലവഴിച്ചത്. അത് വെല്ലുവിളികളില്ലാതെ ആയിരുന്നില്ല.
വളരെ കഠിനമായ സാഹചര്യങ്ങളില്‍ ക്യാമറയും ഉപകരണങ്ങളും കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ആദ്യ ഷെഡ്യൂളിന്റെ സമയത്ത് പൊടിയും മണലും കാരണം ക്യാമറയുടെ ലെന്‍സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഞങ്ങള്‍ തയാറെടുത്തിരുന്നു. പ്രൈമറി ക്യാമറക്ക് കേടുപാടുണ്ടായാല്‍ ഉപയോഗിക്കാന്‍ സ്പെയര്‍ ക്യാമറ കൊണ്ടുവന്നിരുന്നു.
ലോക്ക്ഡൗണിന്റെ ആദ്യദിവസങ്ങള്‍ ഞങ്ങളൊരുപാട് പേടിച്ചിരുന്നു. ജലലഭ്യതയെക്കുറിച്ച് വലിയ ആകുലതകളുണ്ടായിരുന്നു. 58 പേരുള്ള ക്രൂവില്‍ 500 വാട്ടര്‍ ബോട്ടിലുകളാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ സഹായം തേടാന്‍ ഞങ്ങള്‍ക്ക് കഴിയുകയും പ്രശ്നങ്ങള്‍ ക്രമേണ പരിഹരിക്കപ്പെടുകയും ചെയ്തു. ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ പുതിയ സാഹചര്യങ്ങളോട് ഞങ്ങള്‍ പൊരുത്തപ്പെട്ടു. വാദിറമില്‍ ഷൂട്ട് ചെയ്ത സമയത്ത് കോവിഡ് ഒരുവിധത്തില്‍ സഹായകമായി എന്നും പറയാം. അവിടെ ആളുകളുടെ ഇടപെടലില്ലാതിരുന്നത് പ്രൊജക്റ്റിന് ഗുണകരമായി.
ആടുകള്‍ കഥയുടെ സുപ്രധാനമായഭാഗമാണ്. ഒട്ടകങ്ങളേയും ആടുകളേയുംവെച്ചുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യുക പ്രയാസമായിരുന്നോ?
ഒട്ടകങ്ങളേയും ആടുകളേയും ഷൂട്ട് ചെയ്യാന്‍ പല ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ആടുകളെപ്പോലെയല്ല മരുഭൂമിയിലെ ആടുകളെ മാനേജ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഷൂട്ടിംഗിനെ ഒരു പ്രധാന വെല്ലുവിളിയാക്കിയത് അതാണ്. ബ്ലെസി സര് ആവശ്യപ്പെട്ടത് പ്രകാരം പൃഥ്വിരാജും ആടുകളും തമ്മിലുള്ള സീനുകള്‍ ഷൂട്ട് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. അത് ആ സിനിമയിലെ വളരെ ഇമോഷണലായ ഒരു സീനായിരുന്നു. ആടുകളുടെ ചലനങ്ങള്‍ വളരെ പ്രവചിക്കാനാകില്ല. ആ സീനുകള്‍ ചിത്രീകരിക്കാന്‍ എടുത്തത് മണിക്കൂറുകളാണ്. ട്രെയിലറില്‍ കാണുന്ന, പൃഥ്വിരാജ് മുട്ടുകുത്തി വെള്ളക്കെട്ടിനടുത്ത് ആടുകളോടൊപ്പമുള്ള സീന്‍ അത്തരത്തില്‍ ചിത്രീകരിച്ച ഒന്നാണ്.
പൃഥ്വിരാജ് സുകുമാരനോടൊപ്പമുള്ള വര്‍ക്ക് എക്സ്പീരിയന്‍സിനെക്കുറിച്ച്?
സിനിമയ്ക്കായി വലിയ ഡെഡിക്കേഷനും കഠിനാധ്വാനവുമാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. ക്രൂവിനെ മൊത്തം അദ്ദേഹം സപ്പോര്‍ട്ട് ചെയ്തു. വളരെ സുതാര്യമായാണ് ടീമിലുള്ളവരോട് ഇടപെട്ടിരുന്നത്. ചിലപ്പോള്‍ വഴക്കുപറയുകയോ ഒച്ചയിടുകയോ ചെയ്തെന്നുവരാം അത് മോശമായി അനുഭവപ്പെടുകയോ വ്യക്തിപരമായെടുക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഞങ്ങളോട് തുറന്നുപറഞ്ഞിരുന്നു. കഥാപാത്രത്തിലേക്ക് പൂര്‍ണമായി കടന്ന് ചെല്ലാന്‍ ആ സാചര്യത്തില്‍ അദ്ദേഹത്തിന്റെ മനോനില അങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ച് തന്നിരുന്നു. പൃഥ്വിരാജ് എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹം അനുഭവിച്ച സമ്മര്‍ദത്തെക്കുറിച്ച് മനസ്സിലാക്കിയ ക്രൂ ഒന്നാകെ അദ്ദേഹത്തേയും സപ്പോര്‍ട്ട് ചെയ്തു. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരുന്ന പോലെ കഥാപാത്രത്തിലേക്കുള്ള പൃഥ്വിരാജിന്റെ ട്രാന്സ്ഫര്മേഷന് ശ്രദ്ധേയവും പ്രചോദനകരവുമാണ്.
വളരെ പ്രചോദനാത്മകമായ ഷോട്ടുകള്‍ സിനിമയിലുണ്ട്. താങ്കളുടെ അഭിപ്രായത്തില്‍ ഷൂട്ട് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ സീന്‍ ഏതാണ്?
ഷൂട്ട് ചെയ്യാന്‍ വെല്ലുവിളയുള്ള കുറച്ച് സീക്വന്‍സുകളുണ്ടായിരുന്നു. ആദ്യത്തേത്, മണല്ക്കാറ്റിനകത്ത് സെറ്റ് ചെയ്ത സീനാണ്. അത്രശക്തമായ മണല്‍ക്കാറ്റ് റിക്രിയേറ്റ് ചെയ്യുക അസാധ്യമാണെന്നിരിക്കെ അവിടെ യഥാര്‍ത്ഥ മണല്ക്കാറ്റടിച്ചത് അത് ചിത്രീകരിക്കാന്‍ സഹായകമായി. രണ്ടാമത്, അഭിനേതാക്കള്‍ രാത്രി മരുഭൂമിയിലൂടെ ഓടുന്ന സീക്വന്‍സാണ്. അതിനാവശ്യമായ എല്ലാ സ്ഥലങ്ങളിലും ലൈറ്റ് എത്തിക്കുക പ്രയാസമായിരുന്നതിനാല്‍ പൂര്‍ണചന്ദ്രനുള്ള ദിവസങ്ങളിലാണ് ഷൂട്ട് ചെയ്തത്.
മറ്റൊന്ന് കഥാപാത്രം മരുഭൂമിയില്‍ റോഡ് കാണുന്ന ഷോട്ട് ആണ്. ശരിയായി കിട്ടാന്‍ 43 റീടേക്കുകളാണ് എടുക്കേണ്ടി വന്നത്. മടുപ്പുളവാക്കുന്നൊരു പ്രക്രിയ ആയിരുന്നു അതെങ്കിലും ആ രംഗം കഴിയുന്നത്ര മികവുറ്റതാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരുന്നു.
രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് മരുഭൂമിയിലെ സീനുകള്‍ ഷൂട്ട് ചെയ്തത്. മഞ്ഞുകാലം മുതല്‍ വേനല്‍ക്കാലം വരെ. ആവശ്യമായിരുന്ന ഷോട്ടുകള്‍ കിട്ടാന്‍ വളരെ പരിമിതമായ സമയമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവര്‍ഷവും ആ സമയത്താണ് മണല്‍ക്കാറ്റ്, ആലിപ്പഴവീഴ്ച, മഴ എല്ലാം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ ചിത്രീകരിച്ചപ്പോള്‍ ഈ കാലാവസ്ഥകള്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മഴ പെയ്തിരുന്നില്ല. കാര്‍മേഘങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ മഴപെയ്യുന്നതും ആലിപ്പഴം വീഴുന്നതുമെല്ലാം കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്തത്. 3 മണിക്കൂറും 45 മിനിറ്റുമായിരുന്നു ആദ്യ എഡിറ്റിങില്‍ സിനിമയുടെ ദൈര്‍ഘ്യം. പിന്നീട് പല സീക്വന്‍സുകളും ട്രിംചെയ്ത് 3 മണിക്കൂറും 10 മിനിറ്റുമായി ചുരുക്കി. അവസാനം രണ്ട് മണിക്കൂര്‍ 58-മിനിറ്റിലേക്ക് ചിത്രം എഡിറ്റ് ചെയ്തെത്തിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]