
കല്പറ്റ: ആടുജീവിതം സിനിമയിലെ കഥാപാത്രമായ നജീബിന്റെ കഠിനമായ ജീവിതത്തിന്റെ ഭാവങ്ങൾ സിനിമയിൽ മാത്രമല്ല കാൻവാസിലുമുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ സിനിമയിലും സിനിമയുടെ പോസ്റ്ററിലും നമ്മൾകണ്ടരൂപം തെല്ലിട വ്യത്യാസമില്ലാതെയാണ് മേപ്പാടി കുന്നമ്പറ്റ സ്വദേശി റിൻഷാ ഫാത്തിമ കാൻവാസിൽ പകർത്തിയത്. സിനിമയിലെ നജീബെന്ന കഥാപാത്രത്തിന്റെ മൂന്നു വ്യത്യസ്തഭാവങ്ങളാണ് റിൻഷയുടെ കരവിരുതിൽ ഒറ്റകാൻവാസിലെ ജീവൻതുടിക്കുന്ന ചിത്രങ്ങളായി മാറിയത്.
ആടുജീവിതം സിനിമ കണ്ടതിനുശേഷമാണ് ചിത്രംവരച്ചത്. ചിത്രവും ചിത്രംവരയ്ക്കുന്ന വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ വൈറലായി. ചിത്രത്തെ അഭിനന്ദിച്ച് കമന്റുകളെത്തി, കുറേപേർ ചിത്രം ഷെയർചെയ്തു. ഇതോടെ ആടുജീവിതം കാൻവാസിൽ പകർത്തിയ റിൻഷാ ഫാത്തിമയും ഫെയ്മസായി. നേരത്തേയും സിനിമാതാരങ്ങളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ റിൻഷ വരച്ചിട്ടുണ്ടെങ്കിലും നജീബെന്ന കഥാപാത്രത്തെ വരച്ചതാണ് കൂടുതൽപ്രശംസ ഏറ്റുവാങ്ങിയത്. സിനിമാതാരം മമ്മൂട്ടി, പ്രേമലു സിനിമയിലെ കഥാപാത്രങ്ങളായ സച്ചിന്റെയും റീനുവിന്റെയും ചിത്രങ്ങൾ, സായി പല്ലവി, ഉമ്മൻ ചാണ്ടി, ഫുട്ബോൾ താരം മെസ്സി, തുടങ്ങിയവരുടെയെല്ലാം മികച്ച പോർട്രേറ്റ് ചിത്രങ്ങൾ റിൻഷയുടെ റിൻഷാർട്ട് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്.
പാഷനിലൂടെ വരുമാനം
ജീവൻതുടിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതോടെ ചിത്രങ്ങൾ വരച്ചു നൽകണമെന്നാവശ്യപ്പെട്ട് ആളുകളും എത്തിത്തുടങ്ങി. പിറന്നാൾ ആഘോഷം, വിവാഹ വാർഷികം തുടങ്ങിയവയ്ക്കാണ് ചിത്രങ്ങൾ വരച്ചുനൽകണമെന്നാവശ്യപ്പെട്ട് കൂടുതൽപ്പേരെത്തുന്നത്. വിടപറഞ്ഞ പ്രിയപ്പെട്ടവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വരച്ച് നൽകാനും ആവശ്യക്കാർ വരുന്നുണ്ടെന്നും റിൻഷ പറഞ്ഞു. ഇവയെല്ലാം വരച്ചു നൽകുന്നതിലൂടെ ചെറിയൊരു വരുമാനവും റിൻഷയ്ക്ക് കിട്ടുന്നുണ്ട്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിനിയാണ് റിൻഷാ ഫാത്തിമ. കുന്നമ്പറ്റ വള്ളുവക്കാടൻ ഇക്ബാലിന്റെയും ഫൗസിയയുടെയും മകളാണ്. മിൻഹ ഷെറിൻ, ഇഷ മെഹറിൻ എന്നിവർ സഹോദരങ്ങളാണ്.
പെൻസിൽ പിന്നെ പോർട്രേറ്റ്
ചിത്രംവരയോട് ചെറുപ്പംമുതലേ കൂട്ടുകൂടിയതാണ് റിൻഷ. പക്ഷേ ചിത്രം വരയ്ക്കുമെന്നതിലുപരി ചിത്രരചനയെ റിൻഷ ഗൗരവത്തിലെടുത്തിരുന്നില്ല. റിൻഷയുടെ മാതാവ് ഫൗസിയയ്ക്കും ചിത്രരചനയിൽ താത്പര്യമുണ്ടായിരുന്നു, വരയ്ക്കുകയും ചെയ്യും. ഉമ്മയിൽനിന്നാണ് റിൻഷ ചിത്രംവരയുടെ ബാലപാഠങ്ങൾ പഠിച്ചത്. പത്താംക്ലാസ് പരീക്ഷകഴിഞ്ഞുള്ള അവധിക്കാലത്താണ് റിൻഷ ചിത്രരചനയെ ഗൗരവമായി എടുത്തത്. അവധിക്കാലത്ത് പോർട്രേറ്റ് ചിത്രങ്ങൾ വരച്ചുപഠിക്കാനും തുടങ്ങി. തുടക്കത്തിൽ പോർട്രേറ്റ് ചിത്രങ്ങൾ വരയ്ക്കുമ്പോൾ ചിത്രത്തിന്റെ രൂപം ശരിയാവുമെങ്കിലും കുറച്ചധികം സമയമെടുത്താണ് ഷെയ്ഡിങ് പഠിച്ചെടുത്തതെന്നും റിൻഷ പറഞ്ഞു. ഇപ്പോൾ പോർട്രേറ്റ് ചിത്രങ്ങൾ കുറഞ്ഞസമയംകൊണ്ട് വരയ്ക്കും. വാട്ടർ കളർ, അക്രലിക്ക് പെയിന്റിങ് എല്ലാം ചെയ്തിട്ടുണ്ടെങ്കിലും പെൻസിൽ ഡ്രോയിങ്ങാണ് കൂടുതൽ വഴങ്ങുന്നതെന്നും റിൻഷ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]