
മുംബൈ സിനിമാ ലോകത്ത് നിന്ന് തമിഴകത്തേക്ക് ചേക്കേറി തിളങ്ങിയ താരമാണ് മുംതാസ്. നഗ്മ ഖാന് എന്നാണ് മുംതാസിന്റെ യഥാര്‍ഥ നാമം. മോഡലിങ്ങ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് മുംതാസ് ‘മോനിഷ എന്‍ മോണാലിസ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. നായികാവേഷങ്ങളിലും സഹനായികയായും ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ഗ്ലാമര്‍ നൃത്തരംഗങ്ങളിലൂടെയാണ് പ്രശസ്തി നേടുന്നത്. വിജയ് നായകനായ ‘ഖുഷി’ എന്ന തമിഴ് ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ…’ എന്ന ഗാനരംഗത്തിലെ നൃത്തം മുംതാസിനെ ശ്രദ്ധേയയാക്കി. മോഹന്‍ലാല്‍ നായകനായ ‘താണ്ഡവ’ത്തിലെ ‘പാലും കുടമെടുത്ത്’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മുംതാസ് മലയാളികള്‍ക്കും സുപരിചിതയായി.
ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ ഒരു കാലത്ത് മുംതാസ് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ സിനിമ ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ് മുംതാസ്. തന്റെ പൂര്‍വ്വകാലത്തില്‍ കുറ്റബോധമുണ്ടെങ്കിലും ദൈവം നയിച്ച പാതയിലെത്തിയപ്പോള്‍ ഒരുപാട് അഭിമാനം തോന്നുണ്ടെന്നും മുംതാസ് പറയുന്നു. നടി ഷക്കീലയാണ് മുംതാസിനെ അഭിമുഖം ചെയ്തത്.
”സിനിമയിലായിരുന്നപ്പോള്‍ ഞാന്‍ മതപരമായ കാര്യങ്ങള്‍ വായിക്കുകയും പഠിക്കുകയുമായിരുന്നു. എന്നാല്‍ അതിനെ ഗൗരവമായി എടുത്തിരുന്നില്ല. പണത്തിന് വേണ്ടിയായിരുന്നില്ല ഞാന്‍ സിനിമയിലെത്തിയത്. പക്ഷേ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ നല്ല പ്രതിഫലം ലഭിച്ചു. പിന്നീട് സാമ്പത്തികമായി കുടുംബത്തെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. വര്‍ഷങ്ങള്‍ പിന്നിട്ട യാത്രയില്‍ ഞാനൊരു മതപണ്ഡിതനെ കണ്ടുമുട്ടി. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. എന്നെ നന്മയുടെ പാതയിലേക്ക് നയിക്കാനുള്ള ദൗത്യം ദൈവം അദ്ദേഹത്തെ ഏല്‍പ്പിച്ചതു പോലെയാണ് എനിക്ക് തോന്നുന്നത്.
സിനിമ വേണ്ടെന്ന്വെയ്ക്കാനുള്ള തീരുമാനമെടുത്തിട്ട് ഒരുപാട് കാലങ്ങളായി. പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ അതിന് സാധിച്ചില്ല. ദൈവത്തില്‍ പൂര്‍ണമായും സമര്‍പ്പിക്കേണ്ടതിനാലും അദ്ദേഹത്തെ അനുസരിക്കേണ്ടതിനാലും എനിക്ക് സിനിമ തുടരാന്‍ സാധിക്കില്ല. ദൈവത്തോട് പ്രാര്‍ഥിച്ചു, എനിക്ക് നരകത്തില്‍ പോകേണ്ട, എന്നെ ശരിയായ പാതയില്‍ നയിച്ചാലും, ഞാന്‍ താങ്കളെ ഭയപ്പെടുന്നു, അതുപോലെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന്. ഒടുവില്‍ ഞാന്‍ ഇവിടെയെത്തി നില്ക്കുന്നു.
എനിക്ക് മാറ്റം തുടങ്ങിയ കാലത്ത് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. സഹോദരന് വീട്ടിലേക്ക് വരുന്ന അവസരത്തില്‍ എന്തുപറ്റിയെന്ന് അദ്ദേഹം ചോദിക്കും. അറിയില്ല, ആത്മാവ് ശുദ്ധിയാവുന്നത് പോലെ തോന്നുന്നുവെന്നാണ് ഞാന്‍ മറുപടി നല്‍കും. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത തെറ്റുകള്‍ ഓര്മ വരും. അന്ന് ധരിച്ച വസ്ത്രങ്ങളും ഡാന്‍സ് ചെയ്ത പാട്ടുകളും ഓര്മ വരും. അപ്പോഴൊക്കെ സങ്കടം വരും.
ജനശ്രദ്ധ നേടാനുള്ള നാടകമാണ് എന്റേത് എന്ന് പറഞ്ഞു നടക്കുന്നവരുണ്ട്. മറ്റുള്ളവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അത് കാര്യമാക്കുന്നില്ല. ഞാന്‍ മരിച്ചു പോകുമ്പോള്‍ ഇവരാരും എനിക്കൊപ്പം വരുന്നില്ല. എന്റെ യാത്ര ഒറ്റയ്ക്കായിരിക്കും. എനിക്ക് ദൈവത്തോട് മാത്രമേ ഉത്തരം പറയേണ്ടതുള്ളൂ. എല്ലാം നടക്കുന്നത് ദൈവത്തിന്റെ ഇഷ്ടത്തിനാണ്.” മുംതാസ് പറയുന്നു.
മുംതാസ് ചെയ്തതിനേക്കാള്‍ ഏറെ തെറ്റുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും തനിക്ക് അതില്‍ നിന്ന് എങ്ങിനെ പുറത്തുവരാന്‍ സാധിക്കുമെന്നും ഷക്കീല മുംതാസിനോട് അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. ദൈവത്തോട് പ്രാര്‍ഥിക്കുക എന്ന മറുപടിയാണ് മുംതാസ് നല്‍കിയത്. ”എന്തു തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ദൈവം ക്ഷമിക്കും. കാരണം അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്നു. തെറ്റുകളില്‍ നിന്ന് താങ്കള്‍ പുറത്തുവരും”- മുംതാസ് പറഞ്ഞു.
വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും മുംതാസ് കൂട്ടിച്ചേര്‍ത്തു. ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ദുര്‍ഘടമായിരുന്നു അത്. ആര്‍ക്കും ഞാന്‍ ബാധ്യതയാകരുത് എന്ന ചിന്തകൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. എനിക്ക് കുടുംബമില്ലാത്തതിന്റെ വിഷമം എല്ലായ്പ്പോഴും തോന്നാറുണ്ട്. സിനിമയില്ലെങ്കിലും പൂര്‍വികരില്‍ നിന്നുള്ള സ്വത്തില്‍ നിന്ന് എനിക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിതം സമാധാനത്തില്‍ പോകുന്നു. അതിനര്‍ഥം ഞാനൊരു പണക്കാരിയാണെന്നല്ല. ഒരുപാട് യാത്ര ചെയ്യാനുള്ള ആഗ്രഹവുമില്ല. മക്കയും മദീനയും കാണണം. അതാണ് ജീവിതാഭിലാഷം”- മുംതാസ് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]