
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായുള്ള അഭ്യൂഹങ്ങൾ തള്ളി ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തതവരുത്തിയത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും അഥവാ അങ്ങനെയൊന്നുണ്ടെങ്കിൽ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും സഞ്ജയ് ദത്ത് എഴുതി.
ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ കർണാലിൽനിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി സഞ്ജയ് ദത്ത് മത്സരിക്കുന്നു എന്നാണ് കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ നടന്ന ചർച്ച. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ 2004-2005 കാലയളവിൽ യുവജനകാര്യം, കായികം എന്നീ വകുപ്പുകൾ ചെയ്തിരുന്നത് സഞ്ജയ് ദത്തിന്റെ പിതാവും നടനുമായിരുന്ന സുനിൽ ദത്താണ്. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയയാകട്ടെ എം.പിയുമാണ്. ഇതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ ഉച്ചസ്ഥായിയിലാവാൻ കാരണം.
എന്നാൽ ഇത്തരം ചർച്ചകളെ തള്ളിപ്പറയുകയാണ് സഞ്ജയ് ദത്ത് ഇപ്പോൾ ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ താനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹിച്ചാൽ അതാദ്യം പ്രഖ്യാപിക്കുന്നത് താൻ തന്നെയായിരിക്കും. അതുകൊണ്ട് ഈ വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽനിന്ന് ഏവരും പിൻവാങ്ങണമെന്നും സഞ്ജയ് ദത്ത് ആവശ്യപ്പെട്ടു.
ഹേരാ ഫേരി 3 ആണ് സഞ്ജയ് ദത്തിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അക്ഷയ് കുമാറിനും സുനിൽ ഷെട്ടിക്കുമൊപ്പമുള്ള വെൽക്കം ടു ദ ജംഗിൾ എന്ന ചിത്രവും സഞ്ജയ് ദത്തിന്റേതായി വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]