
ടെക്ക് ലോകത്ത് വലിയ ശ്രദ്ധയാണ് നത്തിംഗ് ഫോണുകൾ നേടിയത്. ഇപ്പോഴിതാ നത്തിംഗിൽ നിന്നും പുതിയൊരു വാർത്ത കൂടി എത്തുകയാണ്. ഇനി നത്തിങ്ങിന്റെ ഇയർബഡ്സും വിപണിയിലെത്തും. നത്തിങ്ങിന്റെ രണ്ട് ഇയർബഡുകളാണ് ഈ മാസം വിപണിയിലെത്തുന്നത്. നത്തിങ് ഇയർ, നത്തിങ് ഇയർ (എ) എന്നിവയാണ് ഈ മാസം 18-ന് ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
2021 ലാണ് നത്തിങ് രംഗപ്രവേശനം നടത്തുന്നത്. ‘ഇയർ 1’ എന്ന പേരിൽ ഒരു വയർലെസ് ഇയർഫോണാണ് കമ്പനി അന്ന് അവതരിപ്പിച്ചത്. വൈകാതെ 2022-ൽ നത്തിങ് ഫോൺ 1 പുറത്തിറക്കി. അതേ വർഷം നത്തിങ് ഇയർസ്റ്റിക്കും കമ്പനി അവതരിപ്പിച്ചു. 2023-ൽ നത്തിങ് ഇയർ 2 ഹെഡ്സെറ്റും അവതരിപ്പിച്ചു.ഈ ലിസ്റ്റിലേക്കാണ് പുതിയ ഇയർഫോണുകൾ എത്തുന്നത്.അടുത്തിടെയായി ഇയർഫോണുകൾക്ക് പേര് നല്കുന്ന രീതിയിൽ നത്തിങ് മാറ്റം വരുത്തിയിട്ടുണ്ട്. മുൻപായിരുന്നുവെങ്കിൽ പുറത്തിറങ്ങുന്നവയ്ക്ക് നത്തിങ് ഇയർ 3 എന്ന പേരാണ് നൽകേണ്ടത്. ആ രീതി ഒഴിവാക്കുകയാണ് നിലവിൽ കമ്പനി.
പതിവ് ശൈലിയിൽ വെള്ളനിറത്തിലുള്ള ഇയർഫോണിന്റെ സ്റ്റെമ്മിന്റെ ഒരു ഭാഗത്തിന്റെ ചിത്രമാണ് നത്തിങ് പുറത്തുവിട്ടിരിക്കുന്നത്. ഇയർഫോണിന്റെ ഡിസൈൻ എങ്ങനെയുള്ളതാണെന്ന് ഇതിൽ നിന്ന് കണ്ടെത്താനാവില്ല. ഡിസൈനിലും ഫീച്ചറുകളിലും പുതുമകളുമായിട്ടാവും ഇവ എത്തുക എന്നാണ് വിലയിരുത്തൽ. നത്തിങ്ങ് ഇയർ 2ന്റെ പിൻഗാമിയായിരിക്കും നത്തിങ് ഇയർ എന്നാണ് പ്രതീക്ഷ. 10,000 രൂപയോളം വില ഇതിനുണ്ടാകും എന്നാണ് കണക്കുകൂട്ടൽ. നത്തിങ് ഇയർ (എ) താരതമ്യേന വില കുറഞ്ഞ പതിപ്പായിരിക്കുമെന്നും സൂചനകളുണ്ട്.
ലണ്ടൻ ആസ്ഥാനമായുള്ള നത്തിംങ് ഫോൺ കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോണായിരുന്നു നത്തിങ് ഫോൺ വൺ. 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 120Hz പുതുക്കൽ നിരക്ക്, ക്വാൽകോം സ്നാപ്ഡ്രാഗൺ 778G+ SoC, 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വന്നത്.ഫോൺ ഇന്ത്യൻ വിപണിയിലെത്തിയത് ഫ്ലിപ്കാർട്ട് വഴിയാണ്.
Last Updated Apr 7, 2024, 11:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]