
കൊച്ചി: തട്ടിപ്പുകേസുകളില്‍ പ്രതിയായ ഓസ്ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോണിനും സംവിധായകന് ബൈജു കൊട്ടാരക്കരയ്ക്കുമെതിരേ വീണ്ടും കേസ്. സിനിമാ നിര്‍മാണക്കമ്പനിയായ വൗ സിനിമാസിന്റെ മാനേജിങ് പാര്‍ട്ണര്‍ ഷിബു ജോബ് നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.
യുവ സംവിധായകന് സനല്‍ വി. ദേവനാണ് ഒന്നാം പ്രതി. ബൈജു കൊട്ടാരക്കര രണ്ടാം പ്രതിയും ഷിബു ജോണ്‍ മൂന്നാം പ്രതിയുമാണ്. സിനിമാ നിര്‍മാതാവ് ഷിനോയ് മാത്യുവാണ് നാലാം പ്രതി.
‘കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍’ എന്ന സിനിമയുടെ ഓവര്‍സീസ് വിതരണവുമായി ബന്ധപ്പെട്ട് അതിന്റെ നിര്‍മാതാക്കളായ വൗ സിനിമാസും ഷിബു ജോണും തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കെത്തിയ ഷിബു ജോബിനെ ബൈജു കൊട്ടാരക്കരയും ഷിബു ജോണും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകനായ സനല്‍ വി. ദേവന് ഷിബു ജോബിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നല്‍കാനുള്ള പണം നല്‍കിയില്ലെങ്കില്‍ വീട്ടില്‍കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷിബു ജോബ് പറയുന്നു. ബൈജു കൊട്ടാരക്കരയെയും ഷിബു ജോണിനെയും സനല്‍ വീഡിയോ കോളില്‍ വിളിച്ചപ്പോള്‍ അവരും വധഭീഷണി ആവര്‍ത്തിച്ചു.
ഷിബു ജോബിന്റെ പെണ്മക്കളെ ഉപദ്രവിക്കും എന്നു പറയുകയും ചെയ്തു. തുടര്‍ന്ന് വൗ സിനിമാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഈ വിവരങ്ങള്‍ കാണിച്ച് ഷിബു ജോബ് നല്കിയ പരാതിയെത്തുടര്‍ന്നാണ് സൗത്ത് പോലീസ് കേസെടുത്തത്.
ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ ഷിബു ജോണിന്റെ പേരില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന നാലാമത്തെ കേസാണിത്. ഇതുമായി ബന്ധപ്പെട്ട് ബൈജു കൊട്ടാരക്കരയുടെ പേരിലുള്ള രണ്ടാമത്തെ കേസും. ‘വെള്ളം’ സിനിമയുടെ നിര്‍മാതാവ് കെ.വി. മുരളീദാസിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലും കണ്ണൂര്‍ ചെറുതാഴം സ്വദേശിനി സ്മിതയുടെ പരാതിയില്‍ പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റേഷനിലും ഷിബു ജോണിനെതിരേ കേസുണ്ട്. ഓസ്ട്രേലിയയില്‍ പത്തോളം പേര് നല്കിയ പരാതിയില്‍ അവിടത്തെ ഫെഡറല്‍ പോലീസും അന്വേഷണം നടത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]