
ബോക്സോഫീസിൽ പുതിയ കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ച് ആടുജീവിതം. റിലീസ് ചെയ്ത് നാലാംദിവസം ആഗോള കളക്ഷൻ അൻപത് കോടി പിന്നിട്ടിരിക്കുകയാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം. ഏറ്റവും വേഗത്തിൽ അൻപത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതിയും ഇനി ആടുജീവിതത്തിന് സ്വന്തം.
സിനിമയുടെ നേട്ടം പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രം അൻപത് കോടി ക്ലബിൽ കയറിയതിനോടനുബന്ധിച്ച് പ്രത്യേക പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ആടുജീവിതത്തിനാണ്. മികച്ച പ്രതികരണമായിരുന്നു ബുക്കിങ് ആരംഭിച്ചപ്പോൾ മുതൽ ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസത്തെ ആഗോള കളക്ഷൻ പത്തുകോടിക്ക് മുകളിലുണ്ടാവുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തിയിരുന്നു. നിലവിലെ ട്രെൻഡ് അനുസരിച്ച് അറുപത് മുതൽ എഴുപത് കോടി വരെയാണ് ആടുജീവിതത്തിന്റെ വാരാന്ത്യ കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്ഷൻ നേടുന്ന സിനിമയാണ് ആടുജീവിതം. തമിഴ്നാട്ടിലും ആന്ധ്രയിലും ബോളിവുഡ് മേഖലകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അർപ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയെ പുത്തൻ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിലെ വേഗമേറിയ നൂറുകോടി കളക്ഷൻ ആടുജീവിതം സ്വന്തമാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]