
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ‘ആടുജീവിതം’ മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുകയാണ്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനങ്ങളർപ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ നടനും സംവിധായകനുമായ മാധവന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്.
അവിശ്വസനീയം എന്നാണ് മാധവൻ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ‘ആടുജീവിത’ത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുകയും സംഭ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതിൽ നന്ദിയുണ്ടെന്നും മാധവൻ കുറിച്ചു. ഈ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുംചെയ്തു.
നേരത്തേ കമൽഹാസൻ, മണിരത്നം, രാജീവ് മേനോൻ, തെലുങ്ക് സംവിധായകനായ അജയ് ഭൂപതി, ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ തുടങ്ങി നിരവധി പേർ ‘ആടുജീവിത’ത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. തെലുങ്ക് സംവിധായകർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിന് ശേഷം പൃഥ്വിരാജിന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവൻ കയ്യടി നേടുമെന്നും അവർ പറഞ്ഞിരുന്നു.
2008-ൽ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഓസ്കാർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]