
മലയാളി സിനിമാപ്രേക്ഷകർ ഏറെ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമായ ആടുജീവിതം റിലീസ് ചെയ്യാൻ ഇനി ഒരുദിവസം മാത്രമാണ് ബാക്കി. ബ്ലെസിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ബുക്കിങ്ങും നടന്നുവരികയാണ്. നടൻ കമൽഹാസനും സംവിധായകൻ മണിരത്നവും ആടുജീവിതം കണ്ടു എന്ന വിവരമാണ് പുറത്തുവരുന്നത്.
കമൽഹാസനും മണിരത്നവും സിനിമ കാണാനെത്തിയതും ചിത്രത്തേക്കുറിച്ചുള്ള കമൽഹാസന്റെ വാക്കുകളുമെല്ലാം ചേർത്ത് അണിയറപ്രവർത്തകർ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് കമൽഹാസൻ. സംവിധായകൻ ബ്ലെസി, പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുനിൽ കെ.എസ് എന്നിവരെ കമൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചിത്രത്തിന്റെ ഇടവേളയാകുമ്പോൾ കുറച്ചധികം വെള്ളംകുടിക്കണമെന്ന് തോന്നുമെന്നാണ് ആടുജീവിതത്തേക്കുറിച്ച് കമൽഹാസൻ അഭിനന്ദനസൂചകമായി പറഞ്ഞത്.
കമൽഹാസന്റെ വാക്കുകൾ ആടുജീവിതത്തിന് ഒരു അവാർഡ് ലഭിച്ചതുപോലെയാണെന്നാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയത്. നിർമാതാക്കളായ വിഷ്വൽ റൊമാൻസും കമൽഹാസന് നന്ദി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം തെലുങ്കിലെ സംവിധായകർക്കായും ആടുജീവിതത്തിന്റെ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. ‘ആടുജീവിതം’ അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമാണെന്നും വളരെ വൈകാരികമാണെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്. പൃഥ്വിരാജിന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവൻ കയ്യടി നേടുമെന്നും അവർ കൂട്ടിച്ചേർത്തു. ബ്ലെസിയുടെ മേക്കിങ്ങിനെയും അവർ വാനോളം പ്രശംസിച്ചിരുന്നു.
2008-ൽ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഓസ്കാർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]