
കോട്ടയം: അയൽവാസികൾ തമ്മിലെ തര്‍ക്കം അതിരുകൾ ലംഘിച്ച് വധശ്രമം വരെ എത്തിയതിനെ തുടര്‍ന്ന് ഇരുകൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് അയൽവാസികൾ തമ്മിൽ സംഘർഷമുണ്ടായത്. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ രാജേഷ് പിഎൻ, പുതുപ്പറമ്പിൽ വീട്ടിൽ ബിജോ ഫിലിപ്പ് എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് രാജേഷ് അയൽവാസിയായ ബിജോ ഫിലിപ്പിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ഇയാളുടെ സഹോദരിയെയും, പിതാവിനെയും അസഭ്യം പറഞ്ഞ് പ്രതി, അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങൾ വലിച്ചെറിഞ്ഞു. തടയാൻ ചെന്ന ബിജോ ഫിലിപ്പിന്റെ സഹോദരിയെ വാക്കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈവിരലിന് സാരമായ പരിക്കേറ്റിരുന്നു.
ഇതേ തുടർന്നാണ് പെൺകുട്ടിയുടെ സഹോദരനായ ബിജോ ഫിലിപ്പ് വാക്കത്തിയുമായി ചോദിക്കാൻ ചെന്നത്. ഇരുവരും തമ്മിൽ ഉണ്ടായ വാക്കു തർക്കത്തിന് പിന്നാലെ കൈയ്യിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് രാജേഷിന്റെ തലയിൽ ബിജോ ഫിലിപ്പ് വെട്ടുകയായിരുന്നു. അയല്‍വാസികളായ ഇവര്‍ തമ്മിൽ ഏറെ നാളായുള്ള വിരോധമാണ് ഇതിനെല്ലാം കാരണം. ഇരു വിഭാഗത്തിന്റെയും പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Last Updated Apr 1, 2024, 7:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]