
ദില്ലി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർഥിക്ക് പരമാവധി ചിലവഴിക്കാനാവുന്ന തുക 95 ലക്ഷം രൂപയാണ്. പൊതു തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭ ഇലക്ഷനുകളില്‍ 40 ലക്ഷം രൂപയുമാണ് പരമാവധി സ്ഥാനാർഥിക്ക് ചിലവഴിക്കാനാകൂ. രാജ്യത്ത് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്ന 1951-52ല്‍ എത്ര രൂപയായിരുന്നു ഒരു സ്ഥാനാർഥിക്ക് മണ്ഡലത്തില്‍ ഇലക്ഷന് പ്രചാരണത്തിന് ചിലവഴിക്കാന്‍ കഴിയുമായിരുന്ന പരമാവധി തുക എന്നറിയോ?
1951-52 കാലത്തെ ആദ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ 25000 രൂപയായിരുന്നു ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് പരമാവധി ചിലവഴിക്കാന്‍ കഴിയുമായിരുന്ന തുക. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ തുക 10000 മാത്രമായിരുന്നു. 1971ല്‍ തുക 35000 രൂപയായി ഉയർത്തി. 1980ലാണ് തുക ആദ്യമായി ഒരു ലക്ഷം രൂപ തൊട്ടത്. 1984ല്‍ ഇത് ഒന്നരലക്ഷമായി ഉയർത്തിയപ്പോള്‍ ചെറിയ ചില സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയായിരുന്നു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക. ഒന്നോ രണ്ട് മണ്ഡലങ്ങള്‍ മാത്രമുള്ള സംസ്ഥാനങ്ങളില്‍ തുക ഒരു ലക്ഷമായും കേന്ദ്രഭരണപ്രദേശങ്ങളില്‍ അമ്പതിനായിരമായും നിജപ്പെടുത്തി. 1996ല്‍ പക്ഷേ പരമാവധി തുക 4.5 ലക്ഷത്തിലെത്തി.
1998 മുതലിങ്ങോട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന തുകയില്‍ വലിയ വർധനവുണ്ടായത്. 1998ല്‍ 15 ലക്ഷവും 2004ല്‍ 25 ലക്ഷവും 2014ല്‍ 70 ലക്ഷവുമായി പരമാവധി തുക ഉയർത്തി. 2024ലെ നിലവിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക. സ്ഥാനാര്‍ഥിയുടെ നോമിനേഷന് മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന ഘട്ടം വരെയുള്ള ചിലവുകളാണ് കണക്കാക്കുക. പൊതു സമ്മേളനങ്ങള്‍, റാലികള്‍, നോട്ടീസുകള്‍, ചുവരെഴുത്തുകള്‍, മറ്റ് പരസ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓരോ മുക്കൂംമൂലയും കണക്കില്‍ രേഖപ്പെടുത്തും. സ്ഥാനാർഥികളുടെ ചിലവുകള്‍ ഇലക്ഷന് കമ്മീഷന് അവലോകനം ചെയ്യുന്നുണ്ട്.
2024ലെ പൊതു തെരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശ്, ഗോവ, സിക്കിം എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭ മണ്ഡലങ്ങളിലെ ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി 95 ലക്ഷം രൂപയാണ് ഇലക്ഷന് പ്രചാരണത്തിനായി വിനിയോഗിക്കാന്‍ അനുവാദമുള്ളൂ. അരുണാചലിലും ഗോവയിലും സിക്കിമിലും 75 ലക്ഷം രൂപയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദില്ലിയിലും ജമ്മു ആന്‍ഡ് കശ്മീരിലും 95 ലക്ഷം വീതവും മറ്റ് യുടികളില്‍ ( Union Territories) 75 ലക്ഷവുമാണ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് പരമാവധി ചിലവഴിക്കാന്‍ കഴിയുക.
Last Updated Mar 30, 2024, 12:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]