
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി പഴയരിക്കണ്ടം സ്വദേശി 36 വയസുള്ള റിൻസൺ എന്നയാളാണ് എക്സൈസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡും ഇടുക്കി സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പനംകുട്ടി ഭാഗത്ത് വച്ചാണ് പ്രതി പിടിയിലായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ രാജ്കുമാർ, അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ സേവ്യർ, സിജുമോൻ, ലിജോ, ആൽബിൻ, ഷോബിൻ, ഇടുക്കി സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഷാജി, ഷിജു, മണികണ്ഠൻ, ശശി പി കെ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അതേസമയം, കൊച്ചിയിൽ മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി. ‘മാഡ് മാക്സ്’ എന്നറിയപ്പെട്ടിരുന്ന രണ്ടംഗ സംഘത്തെയാണ് വ്യത്യസ്ത ഇനം മയക്ക് മരുന്നുകളുമായി എക്സൈസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് ബംബരാണ സ്വദേശി ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32 ) ഇടുക്കി ഉടുമ്പൻ ചോല സ്വദേശി അമൽ വർഗ്ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എറണാകുളം ഐ.ബി, എറണാകുളം ടൗൺ നോർത്ത് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
പരിശോധനയിൽ ഇവരുടെ കൈയ്യിൽ നിന്നും താമസസ്ഥലത്തുനിന്നുമായി അത്യന്തം മാരകമായയ പൗഡർ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും, മൈസൂർ മാംഗോ എന്ന വിളിപ്പേരുള്ള 3.3 കിലോയോളം മുന്തിയ ഇനം കഞ്ചാവും, മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ മയക്കുമരുന്ന് ഗുളികകളും (14.818 ഗ്രാം) കണ്ടെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി ‘മാഡ് മാക്സ് ‘ എന്ന പ്രത്യേക പ്രൈവറ്റ് ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.
Last Updated Mar 28, 2024, 8:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]