
ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് മെറ്റ.ഇതിനായി എഐ അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ആപ്പിനുള്ളിൽ തന്നെ എഐ ചാറ്റുബോട്ടും ഇൻ – ആപ്പ് എഐ ഫോട്ടോ എഡിറ്ററും കൊണ്ടുവരാനുളള അണിയറ പ്രവർത്തനങ്ങളിലാണ് ആപ്പ് ഇപ്പോൾ. വാട്ട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബെറ്റ്ഇൻഫോയാണ് ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ജെമിയോടുമൊക്കെയാണ് മെറ്റയുടെ എഐ ചാറ്റുബോട്ടിന് മത്സരിക്കേണ്ടി വരിക. കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്ട്സാപ്പിലൂടെ എഐ ചാറ്റ്ബോട്ട് മെറ്റ അവതരിപ്പിക്കുന്നത് പുതിയ അപ്ഡേഷനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്ട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡ് കണ്ടെത്തിയിട്ടുള്ളത്. നിർമാണ ഘട്ടത്തിലുള്ള ഈ സേവനങ്ങൾ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് പരീക്ഷിക്കുവാൻ കഴിയില്ല. ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്.
വാട്ട്സാപ്പിൽ ഫീച്ചർ എങ്ങനെയാണ് കാണാൻ കഴിയുക എന്നത് സംബന്ധിച്ച സ്ക്രീൻഷോട്ട് വാബെറ്റ്ഇൻഫോ പങ്കുവെച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 2.24.7.14 ബീറ്റാ പതിപ്പിലെ ആദ്യ എ.ഐ ഫീച്ചറാണ് മെറ്റ എഐ ചാറ്റ്ബോട്ട്. ചാറ്റ്ജിപിടിയ്ക്ക് സമാനമായി മെറ്റ വികസിപ്പിച്ച ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ളതാണീ ചാറ്റ്ബോട്ട്.
കഴിഞ്ഞ ദിവസം വാട്ട്സാപ്പിൽ സ്റ്റാറ്റസ് അപ്ഡേഷൻ അവതരിപ്പിച്ചിരുന്നു. ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനാകുന്നതായിരുന്നു അപ്ഡേഷൻ. നിലവിൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളിൽ ഇത് കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകൾ വഴി പങ്കിടുന്ന ദൈർഘ്യമേറിയ വിഡിയോകൾ കാണുന്നതിന് ഉപയോക്താക്കൾ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം.
Last Updated Mar 28, 2024, 2:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]