
ബോക്സോഫീസ് കളക്ഷനിൽ 200 കോടിയും കടന്ന് കുതിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. സിനിമയിൽ ഏറെ പ്രശംസനേടിയ ഒന്നായിരുന്നു കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലൊരുക്കിയ ഗുണ കേവിന്റെ സെറ്റ്. സെറ്റ് നിർമാണത്തിൽ തനിക്കൊപ്പമുണ്ടായിരുന്നവരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് കലാസംവിധായകൻ.
അതിഭീകരന്മാർ എന്നാണ് സഹപ്രവർത്തകരെ അജയൻ ചാലിശ്ശേരി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാൻ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവൻ വെച്ചു തരുന്നത്. ഈ ഓരോ ആളുകളും എനിക്ക് പ്രിയപ്പെട്ടവരാണ്. കൊടും തണുപ്പിലും, മഞ്ഞിലും, മഴയിലും, വെയിലിലും നിങ്ങളുടെ ഓരോരുത്തരുടേയും അർപ്പണത്തിന്, സേവനത്തിന് ഞാനെന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അദ്ദേഹം എഴുതി.
സജീവൻ എ.എം, സുധീർ കരുൺ എന്നിവരായിരുന്നു അജയൻ ചാലിശ്ശേരിയുടെ ആർട്ട് അസോസിയേറ്റുമാർ. ആർട്ട് അസിസ്റ്റന്റ്സ്, ആർട്ടിസ്റ്റ്, ഡിസൈനർമാർ, വെൽഡർ, പെയിന്റർ, മോൾഡർ, കാർപെന്റർ, പെയിന്റിംഗ് സ്പെഷ്യൽ എഫക്റ്റ്, ഇലക്ട്രീഷ്യൻ തുടങ്ങി ഗുണ കേവ് സെറ്റ് നിർമാണത്തിൽ പങ്കെടുത്ത എല്ലാവരേയും അജയൻ ചാലിശ്ശേരി പരിചയപ്പെടുത്തി. പെരുമ്പാവൂരിൽ അഞ്ച് നിലയുള്ള ഒരു ഗോഡൗൺ ആയിരുന്നു അജയന്റെ നേതൃത്വത്തിലുള്ള സംഘം ഗുണാ കേവ് ആക്കി മാറ്റിയത്. ഈ ഗോഡൗണിന്റെ ചിത്രം അദ്ദേഹം ഏതാനും ദിവസങ്ങൾക്കുമുമ്പ് പോസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മലയാളചിത്രവും മഞ്ഞുമ്മൽ ബോയ്സ് ആണ്. 50 കോടിയിലധികംരൂപയാണ് ഡബ് ചെയ്യാതെ മലയാളത്തിൽത്തന്നെ പ്രദർശനത്തിനെത്തിയ ചിത്രം തമിഴകത്തുനിന്ന് നേടിയത്. അമേരിക്കയിൽ ആദ്യമായി 10 ലക്ഷം ഡോളർ നേടിയ മലയാളചിത്രമെന്ന നേട്ടവും സൗബിൻ ഷാഹിറും പിതാവ് ബാബു ഷാഹിറും മാനേജർ ഷോൺ ആന്റണിയും ചേർന്ന് നിർമിച്ച ഈ സിനിമയ്ക്കുതന്നെ. കർണാടകയിലും വൻഹിറ്റാണ്. ഫെബ്രുവരി 22-നാണ് ചിത്രം റിലീസ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]