
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും മലയാളികളെയും ഒന്നടങ്കം ആക്ഷേപിച്ച തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ലെന്നും തമിഴർ മറ്റുള്ളവരെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരാണെന്നും ഭാഗ്യരാജ് പറഞ്ഞു. ആൻഡ്രിയ ജെറമിയ നായികയാകുന്ന ‘കാ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരം പ്രതികരിച്ചത്.
മലയാളികളെ ആക്ഷേപിച്ച ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുതെന്ന് ഭാഗ്യരാജ് പറഞ്ഞു. അതുകൊണ്ടാണ് തന്റെ അഭിപ്രായം ഇപ്പോൾ തുറന്നു പറഞ്ഞതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഇത് വിവാദമുണ്ടാക്കുമെന്ന് തനിക്കറിയാം. പക്ഷേ ഇത് ഇപ്പോൾ പറഞ്ഞേമതിയാവൂ. എന്ന ചിത്രം കേരളത്തിനേക്കാൾ തമിഴ്നാട്ടിൽ ഹിറ്റായതിൽ സന്തോഷമുണ്ട്. പക്ഷേ ഈ ചിത്രത്തെ വിമർശിക്കാൻ ഒരു തമിഴ് എഴുത്തുകാരൻ വളരെ താഴ്ന്ന നിലയിലേക്ക് പോയത് സങ്കടകരമാണ്. വളരെ പ്രശസ്തനായ അദ്ദേഹം സിനിമയിലെ തെറ്റുകുറ്റങ്ങളെയാണ് വിമർശിച്ചതെങ്കിൽ കുഴപ്പമില്ലായിരുന്നുവെന്ന് ഭാഗ്യരാജ് ചൂണ്ടിക്കാട്ടി.
‘‘അദ്ദേഹം മലയാളികൾക്കെതിരെ ചില പ്രസ്താവനകൾ നടത്തി. അത് തമിഴന്റ സംസ്കാരമല്ല. നമ്മൾ എല്ലാവരെയും പ്രശംസിക്കുന്നവരാണെങ്കിലും ഇത്രയും ഇകഴ്ത്തുന്ന രീതിയിൽ വിമർശിക്കാറില്ല. അത് നമ്മുടെ പാരമ്പര്യമല്ല. സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അത് വിമർശനമായി കണക്കാക്കാം. എന്നാൽ കേരളീയരെ വ്യക്തിപരമായി ആക്രമിച്ചത് വളരെ മോശമായിപ്പോയി. ആ സമയത്ത് ഞാൻ പ്രതികരിച്ചാൽ അത് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ആകുമായിരുന്നു. വിവാദം ഒന്നടങ്ങിയിട്ട് അതേക്കുറിച്ചുപറയാം എന്നുകരുതി ഇരിക്കുകയായിരുന്നു. ഇങ്ങനെയൊന്ന് സംഭവിച്ചിട്ട് അതിൽ പ്രതികരിക്കാൻ തമിഴ്നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത്.
എന്റെ സിനിമകളിലും കേരളവും മലയാളികളുമായി ബന്ധപ്പെട്ട തമാശകൾ ഉപയോഗിച്ചിട്ടുണ്ട്. ചിലതൊക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് വ്യക്തിപരമായ ഒരാക്രമണമായിപ്പോയി. നിശ്ചയമായും അവർ വേദനിച്ചിട്ടുണ്ടാകും. നമുക്ക് അവർ തരുന്നൊരു മര്യാദ ഉണ്ട്. നമ്മുടെ ടെക്നീഷ്യൻസിനെയൊക്കെ അവർ അങ്ങനെയാണ് നോക്കുന്നത്. അങ്ങനെയുള്ള അവർക്കെതിരെ നടത്തിയ ആ പ്രസ്താവന എന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു.’’ ഭാഗ്യരാജിന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ വിമർശിച്ചെഴുതിയ ബ്ലോഗിൽ മലയാളികളെ ‘പെറുക്കികൾ’ എന്ന് വിശേഷിപ്പിച്ചതാണ് ജയമോഹനെ വിവാദത്തിലകപ്പെടുത്തിയത്. ‘മഞ്ഞുമ്മൽ ബോയ്സ് എനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സിനിമാനുഭവമായിരുന്നു. കാരണം അത് കെട്ടുകഥയല്ല. അതിലെ കഥാപാത്രങ്ങളെപ്പോലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മാത്രമല്ല, നിബിഡവനങ്ങളിലേക്കുവരെ കേരള തെമ്മാടികൾ എത്തും. അവിടെ ഛർദിക്കും, ബഹളംവെക്കും, നിയമങ്ങൾ ലംഘിക്കും. ഈ മലയാളി മദ്യപതെമ്മാടികൾ ഊട്ടി, കൊടൈക്കനാൽ, കുറ്റാലം പോലുള്ള സ്ഥലങ്ങളിൽ നടുറോഡിൽ അടിപിടിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദിൽ പുരണ്ടിരിക്കും. പലതവണ ഇത്തരക്കാരോട് വഴക്കിടേണ്ടിവന്നിട്ടുണ്ട്’- ജയമോഹൻ ബ്ലോഗിൽ പറയുന്നു. ഈ പരാമർശത്തിനെതിരെ ചലച്ചിത്രമേഖലയിൽ നിന്ന് നിരവധി വിമർശനങ്ങൾ ഉയർന്നെങ്കിലും ജയമോഹൻ സ്വന്തം പരാമർശത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.