
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നഡ നടൻ ശിവരാജ് കുമാറിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ബി.ജെ.പിയുടെ പോഷകസംഘടനയായ ഒ.ബി.സി മോർച്ച. ഇക്കാര്യമുന്നയിച്ച് അവർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ശിവരാജ് കുമാറിന്റെ ഭാര്യയായ ഗീതാ ശിവരാജ് കുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ താരത്തിന്റെ ചിത്രങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് ഒ.ബി.സി മോർച്ച കത്തയച്ചത്.
കർണാടകയിലെ ഷിവമോഗയിലാണ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീത കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. മാർച്ച് 20-ന് ഭദ്രാവതി താലൂക്കിൽനടന്ന തിരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ സൂപ്പർതാരം പങ്കെടുത്തിരുന്നു. ഇതാണ് പരാതിയുമായി മുന്നോട്ടുവരാൻ ഒ.ബി.സി മോർച്ചയെ പ്രേരിപ്പിച്ചത്. ശിവരാജ് കുമാറിന്റെ സിനിമകൾക്കുപുറമേ അദ്ദേഹത്തിന്റെ ചിത്രമുള്ള പരസ്യങ്ങൾ, താരം ഉൾപ്പെട്ട ഷോകൾ തുടങ്ങിയവ വിലക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഒ.ബി.സി മോർച്ച അയച്ച കത്തിൽ പറയുന്നത്.
സംസ്ഥാനത്തെ പ്രമുഖ വ്യക്തിത്വവും നിലവിൽ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ നടൻ ശിവരാജ് കുമാർ സിനിമാ പ്രവർത്തനത്തിലൂടെയും പൊതു വ്യക്തിത്വത്തിലൂടെയും ജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിനിമാ ഹാളുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, പ്രാദേശിക സംഘടനകൾ എന്നിവ ശിവരാജ് കുമാറിന്റെ സിനിമകളോ പരസ്യങ്ങളോ പരസ്യബോർഡുകളോ പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനാവശ്യമായ അടിയന്തര നടപടിയെടുക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു- ഒ.ബി.സി മോർച്ച പ്രസിഡന്റ് രഘു കൗടില്യ ആവശ്യപ്പെട്ടു.
2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കുവേണ്ടി ശിവരാജ് കുമാർ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ പങ്കെടുത്തിരുന്നു. കന്നഡയിലെ മറ്റൊരു സൂപ്പർതാരമായ കിച്ചാ സുദീപ് ആയിരുന്നു മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രചാരണത്തിനെത്തിയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രചാരണത്തിൽനിന്ന് പിന്മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]