
ആകാശിനത് ആകാശത്തോളം വലിയ സ്വപ്നമായിരുന്നു; പ്രിയപ്പെട്ട ഗായകൻ എം.ജി.ശ്രീകുമാറിനടുത്തെത്തണം, ഒപ്പം പാടണം…കാഴ്ചയില്ലാത്ത ആകാശിന്റെ ആ സ്വപ്നം സഫലമായി.
ആകാശ് 10 വർഷമായി സംഗീതം അഭ്യസിച്ച് ഉത്സവവേദികളിലെല്ലാം ശാസ്ത്രീയസംഗീതം ഉൾപ്പെടെ പാടുന്നയാളാണ്. എപ്പോഴും എഫ്.എം.റേഡിയോ നെഞ്ചോട് ചേർത്തുപിടിച്ച് കേൾക്കുന്നതേറെയും എം.ജി.യുടെ പാട്ടുകൾ. അങ്ങനെ തുടങ്ങിയ ആരാധനയാണ്.
കഴിഞ്ഞ ദിവസം സ്വകാര്യചാനലിൽ റിയാലിറ്റിഷോയിൽ ക്ഷണിക്കപ്പെട്ട അതിഥിയായെത്തി ആകാശ് എം.ജി.ശ്രീകുമാറിന് മുൻപിൽ പാടി. പാട്ട് ഇഷ്ടപ്പെട്ട അദ്ദേഹം ആകാശിനൊപ്പം ചേർന്നുപാടി. അച്ഛൻ ബിജു, അമ്മ സിന്ധു, സഹോദരൻ ആദിത്യൻ, കൊച്ചച്ഛൻ ബിനു എന്നിവരും ആകാശിനൊപ്പം വേദിയിലുണ്ടായിരുന്നു.ഓട്ടോഡ്രൈവറായ ചിറക്കടവ് അഞ്ജലിയിൽ(പായിക്കാട്ട്) ബിജുവിന്റെയും സിന്ധുവിന്റെയും മകനായ ആകാശിന്റെ സ്വപ്നങ്ങളെക്കുറിച്ച് പുതുവത്സരദിനത്തിൽ മാതൃഭൂമി റിപ്പോർട്ടുചെയ്തിരുന്നു. എം.ജി.ശ്രീകുമാർ ആകാശിനെ കാണുകയോ, വിളിക്കുകയോ ചെയ്യാമെന്ന് അന്ന് ഉറപ്പുനൽകിയിരുന്നു. ആ സ്വപ്നമാണ് യാഥാർഥ്യമായത്. ആകാശിന് ജന്മനാ കാഴ്ചയില്ല. ഇരട്ട സഹോദരൻ ആദിത്യനും കാഴ്ചയില്ല. ആദിത്യൻ ഓട്ടിസം ബാധിതനുമാണ്. മാസം തികയാതെയായിരുന്നു ഇരുവരുടെയും ജനനം.
ചികിത്സകളൊന്നും ഫലവത്തായില്ല. പക്ഷേ, കാഴ്ചപരിമിതിയെ മനക്കരുത്തുകൊണ്ട് മറികടന്ന ആകാശിപ്പോൾ കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. കണ്ണുകാണില്ലെങ്കിലും വീടിന് മുൻപിലെ റോഡിൽ അരക്കിലോമീറ്ററിലേറെ സൈക്കിൾ ഓടിക്കുന്ന ആകാശ് ഇന്നാട്ടുകാർക്ക് അദ്ഭുതമാണ്.
കൊച്ചച്ഛൻ ബിനു നൽകിയ പരിശീലനത്തിലൂടെയാണ് ആകാശ് സൈക്കിളോടിക്കാൻ പഠിച്ചത്. വളവും തിരിവും എല്ലാം വർഷങ്ങളായുള്ള പരിശീലനത്തിലൂടെ ആകാശ് മനക്കണ്ണിൽ കുറിച്ചിട്ടിട്ടുണ്ട്.കുടയത്തൂർ ലൂയി ബ്രെയിലി സ്കൂളിൽ പഠിക്കുമ്പോൾ സംഗീതാധ്യാപിക സന്ധ്യാദേവിയാണ് ആകാശിനെ സംഗീതവഴിയിലേക്ക് എത്തിച്ചത്. പിന്നീട് തെക്കേത്തുകവല എം.കെ.ബിനുവിൽനിന്ന് സംഗീതാഭ്യാസനം. ഇപ്പോൾ ഏന്തയാർ ജയന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]