
ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക് നൽകിയതിനെതിരേ ഏതാനും കർണാടകസംഗീതജ്ഞർ രംഗത്ത്. സംഗീതജ്ഞരായ രഞ്ജിനി-ഗായത്രി സഹോദരിമാരും ഹരികഥാകാരൻ ദുഷ്യന്ത് ശ്രീധറുമാണ് പ്രതിഷേധമറിയിച്ചത്. ഡിസംബറിൽ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ വാർഷികസംഗീതോത്സവം ബഹിഷ്കരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചു.
ടി.എം. കൃഷ്ണ കർണാടകസംഗീത ലോകത്തിന് അപമാനമുണ്ടാക്കിയെന്നുൾപ്പെടെ ആരോപിച്ച് രഞ്ജിനി-ഗായത്രി സഹോദരിമാരും ദുഷ്യന്ത് ശ്രീധറും മ്യൂസിക് അക്കാദമി പ്രസിഡന്റ് എൻ. മുരളിക്ക് പ്രത്യേകം കത്തുകളയച്ചു. അവയുടെ പകർപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയുംചെയ്തു.
‘‘ആഴത്തിൽ വേരുകളുള്ള കർണാടകസംഗീതത്തിന്റെ സംസ്കാരത്തെ കൃഷ്ണ നശിപ്പിച്ചു. സംഗീതരംഗത്തെ സാഹോദര്യത്തെയും കൂട്ടായ്മയെയും ചവിട്ടിമെതിക്കുകയും ആത്മീയതയെ നിരന്തരമായി അവഹേളിക്കുകയുംചെയ്തു. അദ്ദേഹം ബ്രാഹ്മണരെ ഇകഴ്ത്താൻ ശ്രമിച്ചു. ബ്രാഹ്മണഹത്യക്ക് ആഹ്വാനംചെയ്ത പെരിയാറിനെ പോലുള്ളവരെ പിന്തുണയ്ക്കുന്നത് അപകടകരമാണ്’’ -കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിനെ വിമർശിച്ചുകൊണ്ട് രഞ്ജിനി-ഗായത്രിമാർ കത്തിലെഴുതി.
കൃഷ്ണയുമായി തനിക്ക് പ്രത്യയശാസ്ത്രപരമായ ഒട്ടേറെ വിയോജിപ്പുകളുണ്ടെന്ന് ദുഷ്യന്ത് ശ്രീധർ കത്തിൽ പറഞ്ഞു. അയോധ്യ, ശ്രീരാമൻ, ധർമം തുടങ്ങിയ വിഷയങ്ങളിലെ കൃഷ്ണയുടെ പരാമർശങ്ങളും അദ്ദേഹം ഉദാഹരിച്ചു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മ്യൂസിക് അക്കാദമി രംഗത്തെത്തി. വിദഗ്ധസമിതിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുകളൊന്നുമില്ലെന്നും പ്രസിഡന്റ് എൻ. മുരളി വ്യക്തമാക്കി. വിയോജിപ്പുപ്രകടിപ്പിച്ചുള്ള രഞ്ജിനി-ഗായത്രി സഹോദരിമാരുടെ കത്ത് തങ്ങൾക്കു ലഭിക്കുന്നതിന് മുമ്പുതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനെ അദ്ദേഹം വിമർശിച്ചു. കഴിഞ്ഞദിവസമാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ 2024-25 വർഷത്തെ സംഗീതകലാനിധി, നൃത്യകലാനിധി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. നൃത്യകലാനിധി പുരസ്കാരം മലയാളിയായ ഡോ. നീനാ പ്രസാദിനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]