
നോയ്ഡ: പാമ്പിന്റെ വിഷം കൊണ്ട് ലഹരി പാർട്ടി നടത്തിയ കേസിൽ യൂട്യൂബർ എൽവിഷ് യാദവിനെതിരായി പരാതി നൽകിയ രണ്ട് ആനിമൽ റൈറ്റ്സ് ഗ്രൂപ്പിലെ പ്രവർത്തകർക്ക് ജീവന് ഭീഷണി. സഹോദരന്മാരായ സൗരഭും ഗൗരവ് ഗുപ്തയുമാണ് തങ്ങൾക്ക് ഭീഷണി കോൾ വന്നെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ ഇവർ സമീപിക്കുകയായിരുന്നു.
തങ്ങൾക്ക് ഭീഷണി കോളുകൾ വരികയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശികളായ ഇവർ മനേക ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) എന്ന സംഘടനയിലെ അംഗങ്ങളാണ്. കേസ് പരിഗണിച്ച ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ ബെഞ്ച് ഹരിയാന സർക്കാരിന് നോട്ടീസ് അയച്ചു. ഏപ്രിൽ 18ന് അടുത്ത വാദം കേൾക്കും.
പാർട്ടികളിൽ ലഹരി മരുന്നായി പാമ്പിൻ്റെ വിഷം ഉപയോഗിച്ചതിന് എൽവിഷ് യാദവിനും മറ്റ് അഞ്ച് പേർക്കുമെതിരെ വന്യജീവി നിയമപ്രകാരം കേസെടുത്തത്. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. നവംബർ 3 ന് നോയിഡയിലെ ബാങ്ക്വറ്റ് ഹാളിൽ നടത്തിയ പൊലീസ് റെയ്ഡിൽ നാല് പാമ്പാട്ടികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി പാർട്ടികൾക്കും വീഡിയോ ഷൂട്ടുകൾക്കായി എൽവിഷ് യാദവ് പാമ്പുകളെ ഉപയോഗിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആനിമൽ റെെറ്റ്സ് ഗ്രൂപ്പായ പിഎഫ്എ യാഥാർത്ഥ്യം കണ്ടെത്താനായി നടത്തിയ ശ്രമത്തിൽ അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകളേയും 20 മില്ലി പാമ്പ് വിഷവും ഉൾപ്പെടെ കണ്ടെത്തുകയായിരുന്നു. പാമ്പുകളേയും അവയുടെ വിഷവും ആവശ്യപ്പെട്ട് യാദവിനെ വിളിക്കുകയും പിന്നീട് ഫ്ലാറ്റിലെത്തി വാങ്ങാൻ യാദവ് നിർദേശിക്കുകയുമായിരുന്നു. ഫ്ലാറ്റിലെത്തിയ ഉടൻ പിഎഫ്എ സംഘാംഗം ഈ വിവരം ഉടൻ തന്നെ നോയിഡ പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും ശ്രദ്ധയിൽപെടുത്തി. സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് ഒമ്പത് പാമ്പുകളേയും വിഷവും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
നേരത്തെ പൊലീസ് ചോദ്യം ചെയ്തപ്പോൾ യാദവ് എല്ലാ കുറ്റവും നിഷേധിച്ചിരുന്നു. കേസ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും ഒരു ശതമാനം പോലും ശരിയല്ലെന്നും യാദവ് പ്രതികരിച്ചു. മുഴുവൻ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Last Updated Mar 22, 2024, 1:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]