
ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ യശസ്സ് ഒരിക്കൽക്കൂടി ഉയർത്താൻ കെൽപ്പുള്ള ചിത്രമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ള അഭിമുഖങ്ങളിൽ നായകൻ പൃഥ്വിരാജും അണിയറപ്രവർത്തകരും ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് വെളിപ്പെടുത്തിയ ലൊക്കേഷൻ അനുഭവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ആടുജീവിതത്തിലെ മരുഭൂമി വരുന്ന രംഗങ്ങൾ ജോർദാനിലാണ് ചിത്രീകരിച്ചത്. അവിടെവെച്ച് ഹോളിവുഡ് ചിത്രം ഡ്യൂണിൻ്റെ അണിയറപ്രവർത്തകരെ കണ്ടുവെന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ലൊക്കേഷൻ കണ്ടെത്തുന്നതിനായി വാദി രം എന്ന സ്ഥലത്തെത്ത് ഡ്യൂണിന്റെ അണിയപ്രവർത്തകർ എത്തിയ സമയം തങ്ങൾ അവിടുത്തെ ഷൂട്ട് പൂർത്തിയാക്കിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.
‘ആടുജീവിതത്തിൻ്റെ വിഷ്വൽ പാലറ്റ് ‘ഡ്യൂൺ’ സിനിമയുടെ പോലെയുണ്ടെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിക്കില്ല, കാരണം, ജോർദാനിലെ വാദി രം എന്ന സ്ഥലത്ത് ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ വെച്ച് ഞങ്ങൾ ഡ്യൂൺ സിനിമയുടെ ഛായാഗ്രാഹകനേയും വിഎഫ്എക്സ് സൂപ്പർവെെസറേയും കണ്ടിരുന്നു. അവർ ഡ്യൂണിന്റെ ഷൂട്ടിന് വേണ്ടി ലൊക്കേഷൻ അന്വേഷിച്ച് വന്നതായിരുന്നു. അതിന് മുന്നേ നമ്മൾ അവിടെ ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു’, പൃഥ്വിരാജ് പറഞ്ഞു.
ആടുജീവിതം ട്രെയിലർ പുറത്തിറങ്ങിയ സമയം മുതൽക്കേ ഡ്യൂൺ ചിത്രത്തിൻ്റെ മരുഭൂമി രംഗങ്ങൾ പോലെയുണ്ടെന്ന് ആരാധകർ പറഞ്ഞിരുന്നു. മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററിൽ ‘ഡ്യൂൺ 2’ പ്രദർശനം തുടരുകയാണ്. ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ആദ്യഭാഗവും മികച്ച വിജയം നേടിയിരുന്നു. 94-ാമത് ഓസ്കർ പുരസ്കാരത്തിലും ഡ്യൂൺ തിളങ്ങി.
എ.ആർ.റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ.യു മോഹനൻ ഛായാഗ്രഹണവും ശ്രീകർപ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്. ബെന്യാമിൻ എഴുതിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]