
തൃശൂർ: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് 5 പേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 വയസ്സുള്ള ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് വെട്ടേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.
ആഘോഷങ്ങൾ അമ്പലത്തിനു മുൻപിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈൻ സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർന്ന് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]