
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിമാരോ, അവരുടെ ഏജന്റുമാരോ, രാഷ്ട്രീയ കക്ഷികളോ, മറ്റുള്ളവരോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ എന്നിവ ബുക്ക് ചെയ്താല്‍ സ്ഥാപന ഉടമ വിവരം രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ നിര്‍ദേശം. പരിപാടിയുടെ തീയതി, സമയം, സ്ഥാപന ഉടമയുടെ അല്ലെങ്കില്‍ മാനേജരുടെ പേരും, മേല്‍വിലാസവും, ഫോണ്‍ നമ്പറും, സ്ഥാപനത്തിന്റെ മേല്‍വിലാസവും, പിന്‍കോഡ് സഹിതമാണ് അറിയിക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
സുഗമവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണമുണ്ടാകണമെന്നും കളക്ടര്‍ ഷീബ ജോര്‍ജ് അഭ്യര്‍ഥിച്ചു. പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും 85 വയസിനു മുകളില്‍ പ്രായമുളളവര്‍ക്കുമായി വോട്ട് ഫ്രം ഹോം സംവിധാനമൊരുക്കിയിട്ടുണ്ട്. വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനമാണിത്. ബിഎല്‍ഒമാര്‍ മുഖേനയാണ് ഫോമുകള്‍ വിതരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി അഞ്ച് ദിവസത്തിനകം വോട്ട് ഫ്രം ഹോം വഴി വോട്ട് ചെയ്യാന്‍ താത്പര്യമുള്ള ഭിന്നശേഷി വോട്ടര്‍മാരും 85 വയസിനു മുകളില്‍ പ്രായമുളള വോട്ടര്‍മാരും അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. ഇവര്‍ക്ക് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലുളള പോളിംഗ് ടീം വീട്ടിലെത്തി പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യിക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും റാമ്പ് ഉള്‍പ്പടെയുളള മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍, അനൗണ്‍മെന്റ് അനുമതി, വാഹന പെര്‍മിറ്റ്, ഗ്രൗണ്ട് ബുക്കിംഗ് തുടങ്ങിയവയ്ക്ക് സുവിധ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. സുവിധ പോര്‍ട്ടലില്‍ നിന്നു ലഭിച്ച അനുമതി അടിസ്ഥാനത്തില്‍ മാത്രമേ പൊതു പരിപാടികള്‍ക്ക് പോലീസ് അനുമതി ലഭിക്കൂ. മാതൃകാ പെരുമാറ്റച്ചട്ടം കൃതൃമായി പാലിക്കണം. ടെന്‍ഡര്‍ നല്കി വര്‍ക്ക് തുടങ്ങാത്ത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇനി നടത്താന്‍ പാടില്ല. അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അനുമതി പ്രകാരം മാത്രം നടത്താം. ഇതിനായി നിര്‍വഹണ ഉദ്യോഗസ്ഥന് പ്രത്യേകം അപേക്ഷിച്ചാല്‍ സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
Last Updated Mar 19, 2024, 9:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]