
ദില്ലി:ഇലക്ട്രൽ ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് എസ്ബിക്ക് കർശന നിർദ്ദേശം നല്കി. പൂർണ്ണ വിവരങ്ങൾ നല്‍കാത്തതിന് എസ്ബിഐയെ വിമർശിച്ച കോടതി തിരിച്ചറിയൽ കോഡ് പുറത്ത് വിടരുതെന്ന വ്യവസായ സംഘടനകളുടെ ആവശ്യം തള്ളി. മാധ്യമങ്ങളിലൂടെ ഹർജിക്കാർ വേട്ടയാടൽ നടത്തുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിലെ വാദത്തിനിടെ പരാമർശിച്ചു.
ഇലക്ട്രൽ ബോണ്ടിൻറെ വിവരങ്ങൾ മൂടിവയ്ക്കാൻ കോടതിയിൽ നടന്ന നാടകീയ നീക്കങ്ങൾ വിജയിച്ചില്ല.. എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ എന്തുകൊണ്ട് തിരിച്ചറിയൽ കോഡ് നല്‍കിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്ബിഐയോട് ചോദിച്ചു. ബോണ്ട് ആരിൽ നിന്ന് വാങ്ങി എന്നത് വെളിപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണ് എന്നായിരുന്നു എസ്ബിഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയുടെ മറുപടി. ഇത്തരം ഉത്തരവുകൾ ആവർത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തി വ്യാഴാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാൻ എസ്ബിഐയോട് ആവശ്യപ്പെട്ടു. വിവരം പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശമുണ്ട്. തിരിച്ചറിയൽ കോഡ് നല്കാതിരിക്കാൻ വ്യവസായ സംഘടനകളായ ഫിക്കി, അസോചാം, സിഐഐ എന്നിവ സംയുക്തമായി കോടതിയിൽ നടത്തിയ നാടകീയ നീക്കം കോടതി ചെറുത്തു. കേസ് പരിഗണിച്ച സമയത്ത് സംഘടനകൾ എന്തു കൊണ്ട് വന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വിധി നടപ്പാക്കരുതെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് രാഷ്ട്രപതിക്ക് കത്തെഴുതിയതിനോട് ശക്തമായി വിയോജിക്കുന്നു എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഹർജിക്കാർ മാധ്യമങ്ങളിലൂടെ വേട്ടയാടൽ നടത്തുന്നത് തടയണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. നിയമം നടപ്പാക്കുക മാത്രമേ ചെയ്യാനാകൂ എന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളി. കോടതി വിധി ജനങ്ങൾക്കെതിരെന്ന മലയാളി അഭിഭാഷകൻ ജോർജ് നെടുമ്പാറയുടെ പരാമർശം കോടതിയെ ചൊടിപ്പിച്ചു. തിരിച്ചറിയൽ കോഡ് കൂടി നല്‍കണമെന്ന ഉറച്ച നിലപാട് കോടതി സ്വീകരിച്ച സാഹചര്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരാനാണ് സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]