
മുംബൈ: മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത് അനുസരിച്ച് ഒരു സിം മാറ്റിയിട്ടാൽ (Swapped or replaced) ഏഴ് ദിവസത്തേക്ക് ആ കണക്ഷൻ മറ്റൊരു സേവന ദാതാവിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കില്ല.
രാജ്യത്ത് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം നിലവിൽ വന്ന ശേഷം കൊണ്ടുവരുന്ന ഒൻപതാമത്തെ ഭേദഗതിയാണ് ഇപ്പോഴത്തേത്. മൊബൈൽ സിം കാർഡ് വഴി നടക്കുന്ന തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഏറ്റവും പുതിയ ഈ നിബന്ധന. വരുന്ന ജൂലൈ മാസം ഒന്നാം തീയ്യതി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഏഴ് ദിവസത്തിനുള്ളിൽ സിം കാർഡ് ഫോണിൽ നിന്ന് മാറ്റിയിട്ടിട്ടുണ്ടെന്ന് ടെലികോം കമ്പനിക്ക് ബോധ്യപ്പെട്ടാൽ യുനീക് പോർട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കപ്പെടും.
ടെലികമ്മ്യൂണിക്കേഷൻ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (ഒൻപതാം ഭേദഗതി) റെഗുലേഷൻ 2024 എന്ന പേരിൽ കഴിഞ്ഞാഴ്ചയാണ് ട്രായ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്. ഒരു ഉപഭോക്താവ് തന്റെ സിം കാർഡ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഫോണിൽ മാറ്റിയിട്ടിട്ടുണ്ടെങ്കിൽ ആ സിം കാർഡ് മറ്റൊരു സേവന ദാതാവിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കില്ല. സിം മാറ്റിയാൽ ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ പോർട്ടിങ് സാധ്യമാവൂ എന്ന് അർത്ഥം. സിം ഉപയോഗിച്ചും സിം പോർട്ട് ചെയ്തും നടത്തുന്ന തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് ട്രായ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
ഉപഭോക്താവ് സിം കാർഡ് പോർട്ട് ചെയ്യാനായി യൂനീക് പോർട്ടിങ് കോഡ് ആവശ്യപ്പെട്ട് സേവനദാതാവിന് എസ്എംഎസ് അയച്ചാൽ ആ ആവശ്യം നിരസിക്കാനുള്ള ഒരു കാരണം കൂടിയായി ഇപ്പോഴത്തെ നിബന്ധന കണക്കാക്കപ്പെടും. പരിശോധനയിൽ ഏഴ് ദിവസത്തിനകം സിം മാറ്റിയിട്ടിട്ടുള്ളതായി സേവനദാതാവ് കണ്ടെത്തുകയാണെങ്കിൽ പോർട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കും. 2009ലാണ് രാജ്യത്ത് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം കൊണ്ടുവന്നത്.
Last Updated Mar 18, 2024, 6:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]