

First Published Mar 17, 2024, 3:54 PM IST
സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇതോടെ മഞ്ഞപ്പിത്തം, ചിക്കൻപോക്സ് അടക്കമുള്ള രോഗങ്ങളും പിടിമുറുക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്.
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍…
പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. വ്യക്തി ശുചിത്വം ആണ് ഇതില്‍ പ്രധാനം. പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചില മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം…
1. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
3. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.
4. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
5. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.
6. കിണർവെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.
7. ശുദ്ധജലത്തിൽ തയ്യാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക.
8. പരിസരം വൃത്തിയായി സൂക്ഷിക്കുക.
വേനൽക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അതിവേഗം പടരുന്ന രോഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും.
ചിക്കൻപോക്സിന്റെ ലക്ഷണങ്ങള്‍…
ക്ഷീണം, കടുത്ത പനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പനിക്കൊപ്പം ഛര്‍ദ്ദി, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്.
ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ചിക്കന്‍പോക്സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്.
ചിക്കന്‍പോക്സ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
3. മതിയായ വിശ്രമം പ്രധാനമാണ്. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
6. എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Last Updated Mar 17, 2024, 3:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]