
മലയാള സിനിമ ഇൻഡസ്ട്രി മറ്റ് ഇൻഡസ്ട്രിയെക്കാൾ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ എസ്. എസ് രാജമൗലി. ഹെെദരാബാദിൽ നടന്ന പ്രേമലു സക്സസ് പാർട്ടിയിലാണ് സംവിധായകന്റെ പ്രതികരണം. പ്രേമലു ഒരുപാട് ഇഷ്ടമായെന്നും ചിരിച്ച് മറിഞ്ഞുവെന്നും നടൻ മഹേഷ് ബാബു പറഞ്ഞു.
‘മലയാളം സിനിമ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ചിത്രം തിയേറ്ററുകളിൽ കാണാൻ ഉള്ളതാണ്, കാരണം ഇത് തമാശയാണ്. നിങ്ങളുടെ അടുത്തുള്ള ആളുകൾ ചിരിക്കുമ്പോൾ നിങ്ങൾക്ക് അത് കൂടുതൽ ആസ്വാദ്യകരമാകും’, രാജമൗലി പറഞ്ഞു.
‘പ്രേമലു‘വിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണം സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ കാർത്തികേയ ആണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളെ രാജമൗലി പ്രശംസിക്കുകയും ചെയ്തു. ആദി എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സംവിധായകൻ പറഞ്ഞിരുന്നു.
പ്രേമലു വിതരണത്തിനെത്തിച്ച കാർത്തികേയയെ നടൻ മഹേഷ് ബാബു പ്രശംസിച്ചു. ഒരു സിനിമ കണ്ട് ഇത്രയധികം ചിരിച്ചത് എപ്പോഴാണെന്ന് ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങളുടെ അഭിനയത്തെയും നടൻ പ്രശംസിച്ചു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലിനും മമിത ബെെജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പ്രേമലു’.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]