
ദില്ലി:അരവിന്ദ് കെജ്രിവാളിനെതിരെ നടപടികൾ കടുപ്പിച്ച് ഇഡി. രണ്ട് കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ദില്ലി ജലബോർഡ് അഴിമതി കേസിൽ നാളെയും, മദ്യ നയ കേസിൽ വ്യാഴാഴ്ചയും ഹാജരാകാനാണ് നോട്ടീസ്. മോദിക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന വാശിയാണെന്ന് ആംആദ്മി പാർട്ടി വിമർശിച്ചു. അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുക്കി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് രണ്ട് കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്. ദില്ലി ജല ബോർഡിൽ അനധികൃതമായി ഒരു കമ്പനിക്ക് കരാർ അനുവദിച്ച് ആംആദ്മി പാർട്ടി കോടികൾ തട്ടിയെന്ന് കാട്ടി നേരത്തെ സിബിഐ കേസെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കണ്ടെത്താന്‍ ഇഡിയും അന്വേഷണം തുടങ്ങി. ഈ കേസിലാണ് കെജ്രിവാളിനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. ദില്ലി മദ്യ നയ കേസിൽ ഒൻപതാം തവണയാണ് കെജ്രിവാളിന് ഇഡി ഹാജരാകാൻ നോട്ടീസ് അയക്കുന്നത്. നേരത്തെ 8 തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും കെജ്രിവാൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇഡി നൽകിയ പരാതിയിൽ ഇന്നലെ ദില്ലി റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം നൽകിയിരുന്നു.
പിന്നാലെയാണ് വീണ്ടും സമൻസ്. കെജ്രിവാൾ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയാനാണ് ബിജെപി നീക്കമെന്നാണ് എഎപി ആരോപണം. മോദിക്കും ബിജെപിക്കും കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാകുമോ എന്ന് സംശയമാണെന്നും അതുകൊണ്ടാണ് പുതിയ കേസില്‍ നോട്ടീസ് അയച്ചതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നു ദില്ലി മന്ത്രി അതിഷി മര്‍ലേന പറഞ്ഞു.
ഇഡി നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം.
Last Updated Mar 17, 2024, 12:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]