

ജസ്നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായി ; അജ്ഞാതസുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല ; എരുമേലി സ്വദേശി ജസ്നയുടെ തിരോധാനത്തില്‍ സി.ബി.ഐ. അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പിതാവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എരുമേലി സ്വദേശി ജസ്നയുടെ തിരോധാനത്തില്‍ സി.ബി.ഐ. അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പിതാവ് ജെയിംസ് ജോസഫിന്റെ ഹര്‍ജി. ജസ്നയെ അജ്ഞാതസുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ലെന്ന് പിതാവ് ഹര്‍ജിയില്‍ പറയുന്നു. ജസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്ന വീടുവിട്ടതെന്ന സംശയമുള്ളതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സി.ബി.ഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് ചോദ്യംചെയ്ത് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ പിതാവ് ജെയിംസ് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങളുള്ളത്. അഭിഭാഷകന് ശ്രീനിവാസന് വേണുഗോപാല്‍ മുഖേന ജെയിംസ് ജോസഫ് നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അമിതരക്തസ്രാവം സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്.പിയുടെ അന്വേഷണത്തില്‍ രക്തക്കറപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ഈ വസ്ത്രം ശാസ്ത്രീയ പരിശോധന നടത്താന്‍ സി.ബി.ഐ. തയ്യാറായില്ല. അജ്ഞാതസുഹൃത്ത് ദുരുപയോഗംചെയ്തതിനെത്തുടര്ന്ന് ഏതെങ്കിലും മരുന്നുകഴിച്ചതിനാലാണോ അമിതരക്തസ്രാവമുണ്ടായതെന്ന് അന്വേഷിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
തിരോധാനത്തിന് മുമ്പ് ജസ്ന ഒരു എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുത്തിരുന്നു. അത് കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായില്ല. ജസ്ന താമസിച്ചിരുന്ന ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥിനികളെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടായില്ല. അങ്ങനെ അന്വേഷിച്ചിരുന്നെങ്കില്‍ അമിതരക്തസ്രാവത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കുമായിരുന്നെന്ന് പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്നയെ കാണാതാവുന്ന ദിവസം വൈകീട്ട് ആറുമണിക്കും പിറ്റേന്ന് രാവിലേയും ചില ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണമുണ്ടായില്ല. അന്വേഷിച്ചിരുന്നെങ്കില്‍ അജ്ഞാതനായ സുഹൃത്തിനെ കണ്ടെത്താമായിരുന്നു. പുലിക്കുന്നേലിനും നെടുങ്കണ്ടത്തിനുമിടയില്വെച്ചാണ് ജസ്നയെ കാണാതാവുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് സി.സി.ടി.വി. ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം സി.ബി.ഐ.യുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ജസ്നയ്ക്ക് എന്തുസംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്ന് കാണിച്ച് സി.ബി.ഐ. കൊച്ചി യൂണിറ്റ് തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന ജസ്ന മരിയ ജെയിംസിനെ കാണാതായത്. വീട്ടില്‍നിന്ന് മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജസ്ന എരുമേലിയില്‍ എത്തിയെന്നതില്‍ മാത്രമേ വ്യക്തതയുണ്ടായിരുന്നുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]