
കോട്ടയം: കോട്ടയത്ത് എന്‍ഡിഎ ജയിക്കുമെന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ താങ്ങുവില 250 ആക്കുമെന്ന് ഉറപ്പു കിട്ടിയാലേ മൽസരിക്കു എന്നാണ് താൻ പറഞ്ഞത്. ആ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. താൻ ജയിച്ചാല്‍ ഉറപ്പായിട്ടും റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും. നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ട്. അതുകഴിഞ്ഞാല്‍ റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കാനാകും. 35 വര്‍ഷത്തോളമായി കോട്ടയവുമായി തനിക്ക് ബന്ധമുണ്ട്. ബിഷപ്പുമാരുമായും അമ്പലങ്ങളുമായും പള്ളികളുമായും സാധാരണ ആളുകളുമായും ബന്ധമുണ്ട്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുകയുള്ളുവെന്ന് വോട്ടര്‍മാര്‍ക്ക് അറിയാം. കോട്ടയത്തെ വികസനത്തിനായി തന്നെ ജയിപ്പിച്ചാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പിസി ജോര്‍ജിന്റെ വിമര്‍ശനത്തിനും തുഷാര്‍ വെള്ളാപ്പള്ള മറുപടി നല്കി. ഞാൻ വെറുമൊരു സ്മോൾ ബോയ് ആണെന്നും വിട്ടുകളയുവെന്നുമായിരുന്നു തുഷാറിന്റെ മറുപടി. തുഷാര്‍ വെള്ളാപ്പള്ളി സ്മോള്‍ ബോയ് ആണെന്ന പിസിയുടെ വിമര്‍ശനത്തിന് അതേ രീതിയില്‍ പരിഹസിച്ചുള്ള മറുപടിയാണ് തുഷാര്‍ നല്‍കിയത്. പി സി ജോർജുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും പിണക്കമില്ലെന്നും അദ്ദേഹത്തെ പ്രചാരണത്തിന് ഇറക്കണോ എന്നു തീരുമാനിക്കേണ്ടത് ബി ജെ പിയാണെന്നും തുഷാര്‍ പറഞ്ഞു.
ഇതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ കൂടി ഇന്ന് പ്രഖ്യാപിച്ചതോടെയാണ് ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം തെളിഞ്ഞത്. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്. പ്രതീക്ഷിച്ചതുപോലെ കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥൻ ആണ് സ്ഥാനാര്‍ത്ഥി.
നേരത്തെ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇടുക്കിയുടെ കാര്യത്തിൽ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു. എന്‍ഡിഎ മുന്നണിയിൽ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്.
Last Updated Mar 16, 2024, 12:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]